മർദനമേറ്റ വിഷ്ണുരാജ് 
KERALA

ഇരുചക്ര വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സ്കൂൾ ബസ് ഡ്രൈവറെ മർദിച്ചെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

രാജകുമാരി ഹോളിക്യൂൻസ് സ്കൂളിലെ താൽക്കാലിക ഡ്രൈവറായ മഞ്ഞക്കുഴി സ്വദേശി വിഷ്ണുരാജനാണ് മർദനമേറ്റത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ഇരുചക്ര വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് സ്കൂൾ ബസ് ഡ്രൈവറെ മർദിച്ചതായി പരാതി. രാജകുമാരി ഹോളിക്യൂൻസ് സ്കൂളിലെ താൽക്കാലിക ഡ്രൈവറായ മഞ്ഞക്കുഴി സ്വദേശി വിഷ്ണുരാജനാണ് മർദനമേറ്റത്. ആശുപത്രിയിൽ ചികിത്സ തേടിയ വിഷ്ണു രാജാക്കാട് പൊലീസിൽ പരാതി നൽകി.

രാവിലെ 9. 45 ഓടുകൂടി രാജകുമാരി യൂണിയൻ ബാങ്കിന് സമീപം വെച്ചാണ് വിഷ്ണുവിനെ ഇരുചക്രവാഹനത്തിലെത്തിയായാൾ മർദിച്ചത്. ഹരിത ജംഗ്ഷൻ അമ്പലക്കവല റോഡിൽ ഇരുചക്ര വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ചായിരുന്നു മർദനം. മുരുക്കും തൊട്ടി സ്വദേശിയായ ലോറി ഡ്രൈവറാണ് മർദിച്ചതെന്ന് ബസ്സ് ഡ്രൈവർ വിഷ്ണു പറയുന്നു.

സ്കൂൾ ബസ്സിൽ കുട്ടികളുമായി പോകുംവഴിയാണ് ഇരുചക്രവാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന ആരോപണം ഉയർന്നത്. കുട്ടികളെ സ്കൂളിലാക്കി തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് ഇരുചക്ര വാഹനത്തിൽ എത്തിയ ലോറി ഡ്രൈവർ രാജകുമാരി ടൗണിൽ വെച്ച് വിഷ്ണുവിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചത്. മുഖത്തടിക്കുകയും പുറത്തിടിക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. പരിക്കേറ്റ വിഷ്ണു രാജകുമാരി കുടുംബ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. വിഷ്ണുവിന്റെ പരാതിയിൽ രാജാക്കാട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT