കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവ ശാസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ ഹർഷിന വീണ്ടും സമരമുഖത്തേക്ക്. നീതി നിഷേധത്തിനെതിരെ ഈ മാസം 29ന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.
ഹർഷിന കേസിൽ കുന്ദമംഗലം കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് ഹർഷിന സമരസമിതി പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഈ മാസം 29ന് കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ ഏകദിന സത്യഗ്രഹം നടത്തും. പരിപാടി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രോസിക്യൂഷന്റെ ഒത്തുകളിയാണ് പ്രതികൾ സമർപ്പിച്ച ഹർജിയിൽ സ്റ്റേ അനുവദിക്കാൻ കാരണമായതെന്നാണ് ഹർഷിനയുടെയും സമരസമിതിയുടെയും ആക്ഷേപം.
കേസ് വീണ്ടും പരിഗണിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് കേസ് അട്ടിമറിക്കാനാണെന്നും സമരസമിതി ആരോപിക്കുന്നു. ആരോഗ്യ മേഖലയിലെ ന്യൂനതകൾ മറച്ചു വെച്ച് സംവാദത്തിന് വെല്ലുവിളിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വെല്ലുവിളി സ്വീകരിക്കുന്നതായും സമരസഹായ സമിതി വ്യക്തമാക്കി.
2017ലാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ്യക്കിടെ കത്രിക ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത്. 2022ൽ ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു