വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ഒൻപത് തൊഴിലാളികൾക്കായുള്ള തെരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകീട്ട് രണ്ട് വള്ളങ്ങളിലായാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ഇന്നലെ രാവിലെ ഇവർ മടങ്ങി എത്തേണ്ടതായിരുന്നു. സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനാൽ വിഴിഞ്ഞത്തെ ഫിഷറീസ് ഓഫീസിൽ ബന്ധുക്കൾ വിവരമറിയിക്കുകയായിരുന്നു.
വിഴിഞ്ഞം സ്വദേശി റോബിന്റെ ഉടമസ്ഥതയിലുള്ള വള്ളങ്ങളിലായി പോയ റോബിൻസൺ, ഡേവിഡ്സൺ, ദാസൻ, യേശുദാസൻ എന്നിവരും ലാസറിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്, ജോണി, മത്യാസ്, മുത്തപ്പൻ എന്നിവരാണ് മടങ്ങിയെത്താത്തത്. എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്.
ഇവർക്കായുള്ള തെരച്ചിലിനായി വിഴിഞ്ഞത്തു നിന്നുപോയ മത്സ്യത്തൊഴിലാളികൾ ഇവരെ കാണാതായതോടെ ഇന്നലെ വൈകിട്ടോടെ തമിഴ്നാട് ഭാഗത്ത് കയറിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ കടലിൽ കനത്ത കാറ്റും വൻതിരകളുമുള്ളതിനാൽ കൂടുതൽ വള്ളങ്ങളിറങ്ങി തെരച്ചിൽ നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും നിലവിലുണ്ട്.