തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സെക്രട്ടറി സാജു ജോർജ്. പല പരീക്ഷകളിലും പിഎസ്സി ചെയർമാൻ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് തീരുമാനമെടുത്തു. പരീക്ഷ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും സെക്രട്ടറി സമ്മതിച്ചു. ക്രമക്കേട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ. മൊഴിയുടെ വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
അന്വേഷണസംഘം മൂന്ന് മണിക്കൂറോളമാണ് സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യം ചെയ്തത്. ആ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിഎസ്സി ചെയർമാനും കമ്മീഷനുമെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. പല പരീക്ഷകളിലും നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രധാനവിവരം. പിഎസ്സി സെക്രട്ടറി, പരീക്ഷാ കൺട്രോളർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും മറികടന്ന് ചെയർമാൻ നടപടിയെടുത്തു. ഇക്കാര്യത്തിൽ കമ്മീഷനുള്ളിൽ തന്നെ ഭിന്നതയുണ്ടായി. ഓരോ അഭിമുഖങ്ങളിലും ആരൊക്കെ വേണമെന്നത് കമ്മീഷൻ കൂട്ടമായി എടുക്കേണ്ട തീരുമാനമാണ്. എന്നാൽ, ചെയർമാൻ തൻ്റെ ഇഷ്ടക്കാരെ ഇൻ്റർവ്യൂ ബോർഡിലേക്ക് വിളിച്ചിരുത്തുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും സാജു ജോർജ് മൊഴി നൽകി.
ചെയർമാൻ്റെ ഏകാധിപത്യ പ്രവണതകൾ കാരണം കമ്മീഷൻ അംഗങ്ങളിൽ കടുത്ത ഭിന്നിപ്പും വിഭാഗീയതയുമുണ്ടായെന്നും സാജു ജോർജ് വെളിപ്പെടുത്തി. പല കമ്മീഷൻ അംഗങ്ങളും ഇതുസംബന്ധിച്ച് വിയോജിപ്പ് രേഖപ്പെടുത്തുന്ന സ്ഥിതി ഉണ്ടായി. കമ്മീഷനിൽ തന്നെ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞുവെന്നും സെക്രട്ടറിയുടെ മൊഴിയിൽ പറയുന്നു.