എഡിജിപി എം ആർ അജിത് കുമാർ 
KERALA

പൂരം കലക്കല്‍ വിവാദം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി

ക്രമസമാധാനം തകരുന്ന തരത്തിലുള്ള പ്രശ്‌നം നടന്നിട്ടും ഇടപെട്ടില്ലെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ അജിത് കുമാറിനെതിരെ ഉന്നയിക്കപ്പെട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി. അജിത് കുമാറിന് വീഴ്ച പറ്റിയെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് ശരിവെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.

തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കൃത്യവിലോപം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മുന്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത് കുമാര്‍ ക്രമസമാധാനം തകരുന്ന തരത്തിലുള്ള പ്രശ്‌നം നടന്നിട്ടും ഇടപെട്ടില്ല, സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ അദ്ദേഹത്തെ നേരിട്ട് വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. ആ റിപ്പോര്‍ട്ടിന്മേല്‍ എം.ആര്‍. അജിത് കുമാറിനെതിരെ നടപടി വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.

പൂരം കലക്കല്‍ വിവാദത്തിന് പിന്നാലെ എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി ബറ്റാലിയന്റെ ചുമതലയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം സിപിഐക്ക് നഷ്ടപ്പെട്ടതിന് പിന്നില്‍ പൂരം കലക്കല്‍ വിവാദമാണെന്ന് സിപിഐ ഉറച്ചു വിശ്വസിക്കുകയും അതിന്മേലുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയത്. എന്നാല്‍ സുപ്രധാന ഔദ്യോഗിക പോസ്റ്റുകളിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അജിത് കുമാറിനെ വെട്ടിലാക്കികൊണ്ട് ഡിജിപിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

SCROLL FOR NEXT