എറണാകുളം: കളമശേരി സീറ്റിനെ ചൊല്ലി മുസ്ലീം ലീഗില്‍ വിഭാഗീയത ശക്തം. മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിൻ്റെ മകനെ സ്ഥാനാര്‍ഥിയാക്കുന്നത് തിരിച്ചടി നേരിടുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ജില്ലാ ഭാരവാഹികള്‍ അടക്കം 50 പേര്‍ ഒപ്പിട്ട പരാതി ലീഗ് നേതൃത്വത്തിന് കൈമാറി. പാലാരിവട്ടം അഴിമതി കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെ വി.ഇ. അബ്ദുൾ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കുന്നത് തിരിച്ചടിയായേക്കും എന്നാണ് പരാതി.
2018ൽ പാലാരിവട്ടം പാലം അഴിമതിക്കേസ് നടക്കുന്ന സമയം മുതൽ ഗഫൂറിനെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉയരുന്നുണ്ട്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും ഗഫൂറിനെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നു. അത് മൂർച്ഛിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ജില്ലാ കമ്മിറ്റി വിളിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ശബരിമല സ്വർണക്കൊള്ള കേസ് യുഡിഎഫ് പ്രചാരണ ആയുധമാക്കുമ്പോൾ ഗഫൂറിനെ സ്ഥാനാർഥിയാക്കിയാൽ ഈ കേസ് തിരിച്ചടിയാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പാണക്കാട് തങ്ങളെ കണ്ട് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് നേതൃത്വത്തിൻ്റെ തീരുമാനം.