ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. തനിക്കെതിരെയായ പടയൊരുക്കത്തിന് പിന്നിൽ സജി ചെറിയാൻ ആണ്. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ട. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കം പൊട്ടിച്ച് ടീ പാർട്ടി നടത്തിയതിൽ സജി ചെറിയാനും പങ്കാളിയാണെന്നും ജി. സുധാകരൻ ആഞ്ഞടിച്ചു. പാർട്ടിയിൽ ഉള്ള തന്നോട് പാർട്ടിയോട് ചേർന്ന് പോകാൻ പറഞ്ഞതിന് സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"സജി ചെറിയാൻ പാർട്ടിക്ക് യോജിക്കാത്ത വിധത്തിൽ സംസാരിക്കുന്നു. ശരിയായി പ്രതികരിക്കാൻ അറിയില്ല. പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈ അടുത്തിടെ നടത്തി. എന്നാൽ പാർട്ടി വിലക്കിയില്ല. എന്നെ ഉപദേശിക്കാൻ എന്ത് അർഹതയാണ് സജി ചെറിയാനുള്ളത്. അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ല. സജി ചെറിയാൻ സൂക്ഷിച്ചു സംസാരിച്ചാൽ കൊള്ളാം. മൂന്നാം പിണറായി സർക്കാർ വരണമെങ്കിൽ ഭൂരിപക്ഷം വേണ്ടേ? സജി ചെറിയാൻ ഒക്കെ ഇങ്ങനെ സംസാരിച്ചാൽ അമ്പലപ്പുഴയിൽ എങ്ങനെ ജയിക്കാനാണെന്നും", ജി. സുധാകരൻ.
പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ പാർട്ടി നശിക്കരുത് എന്ന് ആഗ്രഹമുണ്ട്. പാർട്ടിയെ വെച്ച് താൻ ഒന്നും ഉണ്ടാക്കിയിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളി ആണ്. പാർട്ടിയാണ് എന്നെ കുറിച്ച് നല്ലത് പറയേണ്ടത്. അത് പറയുന്നില്ല. സജി ചെറിയാന്റെ കൂട്ടർ എന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. എനിക്കെതിരെ പരാതി പോയത് സജി ചെറിയാൻ അറിയാതെ ആണോ എന്നും സുധാകരൻ ചോദിച്ചു.
തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. അന്വേഷണം നടത്തി സുധാകരൻ ശ്രദ്ധികണമെന്ന് പറഞ്ഞു. തനിക്കെതിരെ മീറ്റിംഗ് വരെ നടന്നു. സജി ചെറിയാൻ അതിലൊക്കെ പങ്കാളിയാണ്. ഞാനിതുവരെ അത് പറഞ്ഞിട്ടില്ല എന്നാൽ ഇപ്പോൾ പറയുന്നു. താൻ ബിജെപിയിൽ പോകുന്നു എന്നു സജി ചെറിയാന്റെ ആളുകൾ പ്രചരിപ്പിക്കുന്നു. എന്നാൽ സജിയുടെ നാട്ടിൽ പല പഞ്ചായത്തുകളിലും കോൺഗ്രസുമായി ധാരണയുണ്ട്. ഇതു പാർട്ടി അറിഞ്ഞിട്ടാണോ എന്നും സുധാകരൻ ചോദിച്ചു. താനൊരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും പാർട്ടി പരിപാടിയും നയവും അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനൊക്കെ പാർട്ടിയിൽ ജൂനിയറാണെന്നും സുധാകരൻ പറഞ്ഞു.
എ.കെ. ബാലൻ ഇപ്പോൾ എന്ത് കൊണ്ട് ഇത് പറഞ്ഞു എന്ന് അയാളോട് ചോദിക്കണമെന്നും സുധാകരൻ. സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന എന്നെ അന്ന് എ.കെ. ബാലൻ ഡ്രാക്കുള എന്ന് വിളിച്ചു. പൊളിറ്റിക്കൽ ക്രിമിനലിസത്തെ കുറിച്ച് ബാലൻ ഒന്നും മിണ്ടിയില്ല. ബാലൻ മാറിക്കോട്ടേ അതുപോലെ എനിക്ക് മാറേണ്ട ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു. സുധാകരന് പാർട്ടിയിൽ അവഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ ഉണ്ടെന്നും പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം അത് പുറത്തു പറയരുതായിരുന്നു എന്നാണ് എ.കെ. ബാലൻ പറഞ്ഞത്. പാർട്ടിയിൽ നിന്ന് മാനസിക വിഷമം അദ്ദേഹത്തിനുണ്ടായെങ്കിൽ ഇക്കാര്യം പാർട്ടി പരിശോധിക്കണം എന്നും ബാലൻ ആവശ്യപ്പെട്ടിരുന്നു.