ഉമേഷ് വള്ളിക്കുന്ന് Source: News Malayalam 24x7
KERALA

"പൊതുജനങ്ങളോട് മാത്രമല്ല, സഹപ്രവർത്തകരോടും മനുഷ്യത്വരഹിതമായ പെരുമാറ്റം"; വെളിപ്പെടുത്തലുമായി സീനിയർ പൊലീസ് ഓഫീസർ

"അധികാരത്തെ ഗുണ്ടായിസത്തിന് ഉപയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സേനയ്ക്ക് അപമാനം"

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് പൊതുജനങ്ങളോടുള്ള പൊലീസിൻ്റെ ക്രൂരതയുടെ ഓരോ കഥകൾ ഓരോ ദിവസവും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പൊതുജനങ്ങളോട് മാത്രമല്ല സഹപ്രവർത്തകരോടും ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന് സിനിയർ പൊലീസ് ഓഫീസറും എഴുത്തുകാരനുമായ ഉമേഷ് വള്ളിക്കുന്ന്. സേനയിൽ നിന്നും നടപടി നേരിട്ടവർ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തിയാൽ പോലും നീതി ലഭിക്കാറില്ലെന്നും ഉമേഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

പൊലീസിൻ്റെ അധികാരത്തെ നിയമപരിപാലനത്തിന് അപ്പുറത്ത് ഗുണ്ടായിസത്തിന് ഉപയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സേനയ്ക്ക് അപമാനം. ആറുമാസത്തിലധികം സസ്പെൻഷൻ പാടില്ലെന്ന സുപ്രീംകോടതി വിധി പോലും കാറ്റിൽപ്പറത്തിയാണ് തൻ്റെ സസ്പെൻഷൻ 15 മാസമായി തുടരുന്നത്. ഇടിച്ചു കാര്യങ്ങൾ നേടാമെന്ന് ഒരു വിഭാഗം കരുതുകയാണ്. അവർക്ക് സംരക്ഷണവും ലഭിക്കുന്നുവെന്നും ഉമേഷ് പറഞ്ഞു.

സേനയിലെ കാര്യങ്ങൾ നേരായ രീതിയിൽ നടക്കണം എന്ന് കരുതുന്ന പൊലീസുകാർക്കും ഇത്തരത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥർ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെ പല പൊലീസുകാരും കനത്ത മാനസിക സമ്മർദ്ദത്തിലാണ്. പരിഷ്കൃത സമൂഹത്തിൽ നായാട്ട് ഒരു കലയല്ല, കുറ്റകൃത്യമാണ് എന്ന് തിരിച്ചറിയണമെന്നും ഉമേഷ് വ്യക്തമാക്കി.

SCROLL FOR NEXT