ആലപ്പുഴ: കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ട ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. ദമ്പതികൾ കുട്ടികളെവച്ച് പണം പിരിച്ചെന്നും, ജോലിക്ക് പോകാതിരിക്കാൻ കുട്ടികളെ മറയാക്കിയെന്നും റിപ്പോർട്ട്. ഇവരുടെ ഏഴാമത്തെ കുഞ്ഞായ നവജാത ശിശുവും അമ്മയ്ക്ക് ഒപ്പം സുരക്ഷിതമല്ലെന്നാണ് ശിശുക്ഷേമ സമിതിയുടെ നിഗമനം. നിലവിൽ മുലപ്പാൽ നൽകാൻ വേണ്ടി മാത്രമാണ് കുഞ്ഞിനെ അമ്മയുടെ കയ്യിൽ നൽകുന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശികളായ രാജേഷ് താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്.
സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോഷകാഹാര കുറവാണ് കുഞ്ഞിൻ്റെ മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കുട്ടിയെ പരിപാലിക്കുന്നതിൽ മാതാപിതാക്കൾക്ക് ജാഗ്രത കുറവ് ഉണ്ടായോ എന്നും അന്വേഷിക്കും. ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് സാധാരണയായി 12 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കേണ്ട സ്ഥാനത്ത് രാഹുലിന് വെറും 7 കിലോ മാത്രമാണ് ഭാരം ഉണ്ടായിരുന്നത്. കുട്ടിക്ക് കടുത്ത രക്തക്കുറവും വിളർച്ചയും ഉണ്ടായിരുന്നതായും മതിയായ പരിചരണവും ആഹാരവും ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് രണ്ടുവയസുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയത്. മറ്റൊരു ആൺകുട്ടിയും നേരത്തേ സമാനരീതിയിൽ മരിച്ചിരുന്നു. നാലു പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. അമ്മയും ഏഴാമത്തെ ആൺകുട്ടിയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
കാർത്തികപ്പള്ളിയിൽ അത്ര ഒറ്റപ്പെട്ട പ്രദേശത്തല്ലെങ്കിലും പരിസരത്ത് മറ്റെങ്ങുമില്ലാത്തവിധം മോശവും വൃത്തിഹീനവുമായ സാഹചര്യത്തിലായിരുന്നു കുടുംബം ജീവിച്ചിരുന്നത്. മുൻപ് ഈ കുട്ടികളെ ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, അവിടെച്ചെന്നും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മ കുട്ടികളെ തിരികെ കൊണ്ടുവരികയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.