

തിരുവനന്തപുരം: കോവളത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ പതിനാറുകാരി നേരിട്ടത് അതിക്രൂര പീഡനം. ലൈംഗിക ചൂഷണത്തിന് സമ്മതിക്കാതിരുന്നതോടെ ബന്ധുക്കളായ പ്രതികൾ തീവച്ച് പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഒരു ദിവസം സ്പായിൽ വച്ച് പീഡിപ്പിച്ചത് പതിനഞ്ചോളം പേരെന്നും പെൺകുട്ടിയുടെ മൊഴി. കോവളത്തെ രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങളും, സ്പായിൽ എത്തിയവരുടെ പേരുളള രജിസ്റ്റർ ബുക്കും പ്രതികൾ ഒളിപ്പിച്ചെന്നാണ് സൂചന. ദക്ഷിണ മേഖല ഐജി ആര്. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, നടന്നത് മനുഷ്യക്കടത്ത് എന്നാണ് പൊലീസിൻ്റെ സ്ഥിരീകരണം. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. പ്രതികൾക്കെതിരെ മനുഷ്യകടത്തിനുള്ള വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. ജുവനയിൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാത്സംഘം, തുടങ്ങിയവകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി.
കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സജിത്, പൂവാര്‍ സ്വദേശി നിശാന്ത് എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ സ്പായിൽ വിറ്റ മാതൃസഹോദരിയുടെയും അവരുടെ ഭർത്താവിൻ്റെയും അറസ്റ്റും പൊലീസ് രേഖപ്പെടുത്തിരുന്നു. ന്യൂസ് മലയാളം വാർത്തയിൽ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ ഉൾപ്പെടെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ കോവളം പൊലീസ് മറ്റൊരു സീറോ എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. കേസ് ചെന്നൈ ഗുഡുവാഞ്ചേരി പൊലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയെ ചൂഷണത്തിന് ഉപയോഗിച്ച രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് പൊലീസ് നീക്കം.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് അനാഥയായ പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന മാതൃസഹോദരിയും ഭര്‍ത്താവും അവളെ കോവളത്ത് എത്തിച്ചത്. തുടര്‍ന്ന് വിവിധ സ്പാകളിലായി കുട്ടിയെ ജോലിക്ക് നിര്‍ത്തുകയും അവിടെവച്ച് നിരന്തരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു. ക്രൂരമായ ചൂഷണങ്ങള്ക്കൊടുവില് സ്പായില്‍ വച്ച് പരിചയപ്പെട്ട ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാകുകയും തുടര്‍ന്ന് ഇയാളോടൊപ്പം ഒളിച്ചോടാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി രജിസ്റ്റര്‍ ചെയ്ത് കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവള്‍ക്ക് പതിനാറ് വയസ് മാത്രമാണ് ഉള്ളതെന്നും, കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയത്. ജൂലൈ മുതല്‍ പത്തോളം വിവിധ സ്പാകളില്‍ പെണ്‍കുട്ടിയെ ജോലി ചെയ്യിപ്പിച്ചിരുന്നതായും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.