KERALA

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ ഗുരുതര കണ്ടെത്തൽ; മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോക്കോൾ അട്ടിമറിച്ച്

ഇതോടെ സംശയമുനയിലായിരിക്കുകയാണ് പിഎസ്‌സി പരീക്ഷ വിഭാഗം

Author : ന്യൂസ് ഡെസ്ക്

ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് പ്രോട്ടോകോള്‍ അട്ടിമറിച്ചാണെന്ന രേഖകൾ പുറത്ത്.

മൂല്യനിര്‍ണയം നടത്തിയ ചോദ്യങ്ങളും നടത്താത്ത ചോദ്യങ്ങളും പരീക്ഷ വിഭാഗം പരിശോധിച്ചില്ലെന്നും രേഖയിലുണ്ട്. പരീക്ഷ ‍നടപടിക്രമങ്ങളെ സംബന്ധിച്ച ലോഗിന്‍ ഫയലുകളും പിഎസ്‌സി ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.ഇതോടെ സംശയമുനയിലായിരിക്കുകയാണ് പിഎസ്‌സി പരീക്ഷ വിഭാഗം.

മൂല്യ നിർണയത്തിൻ്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നത് പരീക്ഷ വിഭാഗം എക്സാമിനേഷന്‍ അഡീഷനല്‍ സെക്രട്ടറിക്കായിരുന്നെന്ന് പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ചോദ്യത്തിനും ഇരട്ടമൂല്യനിര്‍ണയം നടത്തിയിട്ടും ക്രമക്കേട് കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്.

പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. ഇതിനെ തുടർന്ന് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌പിക്ക് തന്നെ കൈമാറാൻ കമ്മീഷൻ യോഗം തീരുമാനിച്ചിരുന്നു. പരീക്ഷ കണ്ട്രോളറെ ഏൽപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന അംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണ് അന്വേഷണം വിജിലൻസിന് വിട്ടത്.

SCROLL FOR NEXT