KERALA

ജീവന് അപായം വരുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞു; പേരാമ്പ്ര സംഘർഷത്തിൽ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

നാല് മുസ്ലിം ലീഗ് പ്രവർത്തകരും മൂന്നു കോൺഗ്രസ് പ്രവർത്തകരുമാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശികളായ സജീർ ചെറുവണ്ണൂർ, അരുൺ, നസീർ വെള്ളിയൂർ, കൃഷ്ണൻ ഉണ്ണി, മുസ്തഫ, മിഥിലാജ്, റഷീദ് എന്നിവരാണ് അറസ്റ്റിലായത്. നാല് മുസ്ലിം ലീഗ് പ്രവർത്തകരും മൂന്നു കോൺഗ്രസ് പ്രവർത്തകരുമാണ് അറസ്റ്റിലായത്. വീടുകയറിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജീവന് അപായം വരുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നാണ് കേസ്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കൂടുതൽ പരിശോധനകളും നടത്തും.

എന്നാൽ പ്രവർകരാരും ഇത്തരത്തിൽ സ്ഫോടക വസ്തു എറിഞ്ഞിട്ടില്ലെന്ന് തന്നെയാണ് കോൺ​ഗ്രസിൻ്റെ വാദം. സിപിഐഎം ജില്ലാ കമ്മറ്റി നൽകിയ ലിസ്റ്റ് പ്രകാരമാണ് അറസ്റ്റ് ചെയ്തെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. പ്രവർത്തകരുചെ അറസ്റ്റിന് പിന്നിൽ പൊലീസിൻ്റെയും സിപിഐഎമ്മിൻ്റെയും അജണ്ട ആണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്. കൂടാതെ ഷാഫി പറമ്പിലിനെ അടിച്ച പൊലീസിനെതിരെ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

യുഡിഎഫ് പ്രവർത്തകരുടെ അറസ്റ്റിനെ തുടർന്ന് പേരാമ്പ്രയിൽ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് വടകര റൂറൽ എസ്പി കെ.ഇ. ബൈജു നേരിട്ട് എത്തി കാര്യങ്ങൾ വിലയിരുത്തി. മുൻകരുതലിന്റെ ഭാഗമായി പൊലീസ് ബാരിക്കേഡ് തീർത്തിട്ടുണ്ട്. അതേസമയം, എൽഡിഎഫിൻ്റെ വിശദീകരണയോഗം ഇന്ന് വൈകിട്ട് പേരാമ്പ്രയിൽ നടക്കും. സംഘർഷത്തിന് നേതൃത്വം നൽകിയത് ഷാഫി പറമ്പിൽ എംപിയാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

SCROLL FOR NEXT