ബാലഭാസ്കർ 
KERALA

സംഗീതം ജീവശ്വാസമായിരുന്ന വയലിനിസ്റ്റ്; ബാലഭാസ്കർ ഓർമയായിട്ട് ഇന്നേക്ക് ഏഴ് വർഷം

മലയാളികൾക്ക് ബാലഭാസ്കർ എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് ഓരോ ഓർമ ദിനവും ഓർമപ്പെടുത്തുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വയലിൻ സംഗീതത്തിൻ്റെ എല്ലാ അർഥങ്ങളും ചേർന്ന വയലിനിസ്റ്റ് ബാലഭാസ്കർ. സംഗീതം എന്ന മൂന്നക്ഷരം ജീവശ്വാസമായിരുന്ന ബാലഭാസ്കറിൻ്റെ ഓർമ ദിനമാണ് ഇന്ന്. മലയാളികളുടെ അഭിമാനമായിരുന്ന ബാലഭാസ്കർ നമ്മെ വിട്ട് പോയിട്ട് ഇന്നേക്ക് ഏഴ് വർഷം തികഞ്ഞിരിക്കുകയാണ്.

2018 സെപ്റ്റംബർ 25ന് ഒരു ഞെട്ടലോടെയായിരുന്നു കേരളം ഉണർന്നത്. ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നു. ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ നമ്മൾ കാത്തിരുന്നു. പക്ഷേ, പ്രാർഥനകൾ വിഫലമാക്കി ഇതുപോലൊരു ഒക്ടോബർ രണ്ടിന്, നാടിനെ കണ്ണീരണിയിച്ച് ബാലഭാസ്കർ എന്നന്നേക്കുമായി മടങ്ങി. ഒപ്പം അദ്ദേഹത്തിൻ്റെ കുഞ്ഞും.

കണ്ണുകൾ പൂട്ടി ചെറുചിരിയോടെ ബാലഭാസ്കർ വേദിയിൽ സംഗീതത്തിന്റെ മായാലോകം തീർക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഇന്നും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരായ നമ്മൾ മലയാളികൾ പറഞ്ഞുകൊണ്ടേയിരുന്നതും ബാലഭാസ്കറിനെക്കുറിച്ചാണ്. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്.

മലയാളികൾക്ക് ബാലഭാസ്കർ എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് ഓരോ ഓർമ ദിനവും ഓർമപ്പെടുത്തുകയാണ്. ആ വയലിൻ സംഗീതം കേൾക്കുമ്പോൾ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരെങ്കിലുമുണ്ടാകില്ല. വയലിൻ മാറോടണച്ച് ബാലഭാസ്കർ മടങ്ങിയെങ്കിലും നമ്മുടെയൊക്കെ ഹൃദയത്തിൽ ആ സംഗീതഞ്ജനും അദ്ദേഹത്തിൻ്റെ സംഗീതവും മറയാതെ നിൽക്കുന്നു. ഇന്ന് ഈ ഓർമദിനത്തിൽ അത് കണ്ണീരോർമയാകുന്നു.

SCROLL FOR NEXT