KERALA

പൊലീസുകാരനെ മർദിച്ച കേസ്: അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

ഉപാധികൾ ഒന്നുമില്ലാതെയാണ് ജാമ്യം അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പൊലീസുകാരനെ മാളിൽ വച്ച് മർദിച്ചെന്ന കേസിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. വിനയ്, സുർജിത് എന്നീ പ്രവർത്തകർക്കാണ് അനുവദിച്ചത്. ഉപാധികൾ ഒന്നുമില്ലാതെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് വൈകിട്ടാണ് കേസിൽ വഞ്ചിയൂർ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എആര്‍ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയിയെ മർദിച്ച കേസിലായിരുന്നു നടപടി. സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾക്ക് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയതിൽ പൊലീസിന് വിമർശനവും നേരിടേണ്ടി വന്നു. അതേസമയം, മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇടിവള കൊണ്ട് എആര്‍ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയി മർദിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവമുണ്ടായത്. കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടയിൽ ശംഖുമുഖത്തെ മർദനത്തിൻ്റെ പ്രതികാരമായാണ് നന്ദാവനം എആർ ക്യാംപിലെ സിപിഒ ആയ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ ഇന്നലെ പിന്തുടർന്നെത്തി ആക്രമിച്ചത്. സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ പേട്ട പൊലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതും മിഥുനും യുവതിക്കുമെതിരെ വഞ്ചയൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതും സേനയിൽ കടുത്ത അമർഷത്തിന് വഴിവെച്ചിരിക്കുകയാണ്. നാളെ നടക്കുന്ന പൊലീസ് ജില്ലാ സമ്മേളനത്തിലും 21ന് നടക്കുന്ന ഓഫീസേഴ്സ് ജില്ലാ സമ്മേളനത്തിലും വിഷയം ഉയർത്താനാണ് ആലോചന.

വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് അധികാരികൾക്കും സർക്കാരിനും പരാതി നൽകാനും സാധ്യതയുണ്ട്. എന്നാൽ മിഥുൻ റോയിക്കെതിരെ കേസ് എടുത്തതിൽ പൊലീസ് അസോസിയേഷൻ പ്രതിഷേധിച്ചതോടെ നടപടി പുനഃരാലോചിക്കുയാണ് ഡിപ്പാർട്ട്മെൻ്റ്. പൊലീസുകാരന് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ എസിപിയോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇരുകൂട്ടരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനെതിരെ മുൻപ് പരാതി ലഭിച്ചിട്ടുണ്ട് അത് വിശദമായി പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ വിവാദങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ പൊലിസിനെ തല്ലിയാലും കേസില്ലെന്നും ഇത് സിപിഐഎമ്മിൻ്റെ ക്രിമിനൽ നയത്തിൻ്റെ ഭാഗമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. കേരളത്തിൽ പൊലീസുകാർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അക്രമികൾ സിപിഐഎം പ്രവർത്തകരോ എസ്എഫ്ഐ പ്രവർത്തകരോ ആണെങ്കിൽ സർക്കാർ തന്നെ സഹായം ചെയ്യും. തിരുവനന്തപുരത്തെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും സർവ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ എസ്എഫ്ഐക്കാർ പൊലീസുകാരനെ മർദിച്ചതിനെ പിന്തുണച്ച് കെഎസ്‌യു വൈസ് പ്രസിഡൻ്റ് അരുൺ രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. പൊലീസിലെ ക്രിമിനലുകൾക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണമെന്നും കൊടുത്താൽ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടുമെന്ന് അരുൺ രാജേന്ദ്രൻ പറഞ്ഞു.

SCROLL FOR NEXT