മഹാരാജാസ് കോളേജിൽ മന്ത്രി റോജി.എം.ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ 
KERALA

മഹാരാജാസ് കോളേജിൽ മന്ത്രി റോജി.എം.ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ; നടപടിയിൽ കോളേജിൽ വൻ പ്രതിഷേധം

കോളേജ് ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവരെയാണ് പ്രിസിപ്പലിൻ്റെ നേതൃത്വത്തിൽ ചേർന്ന കൗൺസിൽ യോഗം സസ്പെൻ്റ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോണിനെതിരെ പ്രതിഷേധിച്ച രണ്ട് എസ്എഫ്ഐ നേതാക്കളെ കോളേജ് അധികൃതർ പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്‌സൺ നഫീസത്തുൽ മിസ്രിയ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് സമരം ചെയ്തതിന് 16 എസ്എഫ്ഐ പ്രവർത്തകരെ 60 ദിവസത്തിലേറെയായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടാത്തതിലും വിദ്യാർഥികൾക്കെതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങളിലും പ്രതിഷേധിച്ചാണ് മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ എസ്എഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങിയത്.

ഒക്ടോബർ 30-ന് കോളേജിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ മന്ത്രി റോജി. എം. ജോൺ പ്രസംഗിക്കുന്നതിനിടയിൽ പ്ലക്കാർഡുകളും ബാനറുകളുമായി വിദ്യാർഥികൾ വേദിയിലേക്ക് കയറുകയും മന്ത്രിയെ വളഞ്ഞ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ചടങ്ങ് പൂർത്തിയാക്കിയ ശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർഥികൾ പിന്മാറാൻ തയ്യാറായില്ല. തുടർന്നുണ്ടായ ബഹളത്തെയും ഉന്തും തള്ളും കാരണവും മന്ത്രി ചടങ്ങ് പൂർത്തിയാക്കാതെ വേദി വിട്ടുപോവുകയായിരുന്നു.

ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിഷേധത്തെ അപലപിച്ചിരുന്നു. പ്രതിഷേധക്കാർ ക്രിമിനലുകളെപ്പോലെയാണ് പെരുമാറിയതെന്നും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചടങ്ങ് തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 40 ഓളം വിദ്യാർഥികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT