KERALA

"ആരാണ് ബ്ലേഡ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കണം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം"; വെല്ലുവിളിച്ച് എസ്എഫ്ഐ

മാർച്ചിലെ പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് മുന്നറിയിപ്പ് ഇല്ലാതെയെന്ന് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ എം. ശിവപ്രസാദ്. വിദ്യാർഥികളുടെ തലയിലാണ് പൊലീസ് അടിച്ചത്. ബ്ലേഡുമായി സമരം ചെയ്തെന്ന പൊലീസ് വാദവും എം. ശിവപ്രസാദ് തള്ളി. ബ്ലേഡ് ആക്രമണത്തിൽ മുറിവേറ്റത് വിദ്യാർഥികൾക്കാണ്. സമരത്തിൽ ആരാണ് ബ്ലേഡ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ശിവപ്രസാദ് ന്യൂസ് മലയാളം ലീഡേഴ്സ് മോർണിങിൽ പറഞ്ഞു.

"വിദ്യാർഥി സമരങ്ങളെ നേരിടാൻ ആഭ്യന്തരവകുപ്പ് പുതിയ മാർഗം ഡിസൈൻ ചെയ്യുകയാണ്. എസ്എഫ്ഐ സമരങ്ങളെ സൂക്ഷ്മതയോടെ നോക്കിക്കാണുന്ന മാധ്യമങ്ങൾക്ക് വിഷ്യൽ ലഭിക്കുമായിരുന്നു. ബ്ലേഡ് ഉപയോഗിച്ചെങ്കിൽ എന്തുകൊണ്ട് അവിടെ നിന്ന് പ്രവർത്തകരെ പിടികൂടിയില്ല. വിദ്യാർഥഇ സമരങ്ങളെ ഏത് നിലയിലും അടിച്ചമർത്തുമെന്ന് നിലപാട് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ തലയ്ക്ക് നേരിട്ടാണ് പൊലീസ് അടിച്ചത്. ലാത്തി കൊണ്ട് അടിച്ചാൽ വീർക്കും. എന്നാൽ മുറിവാണ് ഉണ്ടായിരിക്കുന്നത്. ഇതിനു മറുപടി പറയുന്നതിന് പകരം പൊലീസ് ആരോപണം ഉന്നയിക്കുകയാണ്", എം. ശിവപ്രസാദ്.

അതേസമയം, സെക്രട്ടേറിയറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധക്കാർ ബ്ലേഡ് കൈവശം വച്ചെന്ന ആരോപണം അന്വേഷിക്കം. പൊലീസിന്റെയും മാധ്യമങ്ങളുടെയും ദൃശ്യങ്ങൾ പരിശോധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണം. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ വകുപ്പുതല നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. ബ്ലേഡ് ഉപയോഗിച്ച് പൊലീസ് ആക്രമിച്ചെന്ന് ആരോപിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് എസ്എഫ്ഐയുടെ നീക്കം.

SCROLL FOR NEXT