KERALA

"പേരാമ്പ്രയിലേത് പൊലീസ് അതിക്രമം, തല്ലിയത് സിഐ അഭിലാഷ് ഡേവിഡ്, ഡിവൈഎസ്പി ഗ്രനേഡും ലാത്തിയുമായി മർദിച്ചു; ലക്ഷ്യം ശബരിമലയിൽ നിന്നും ശ്രദ്ധ തിരിക്കൽ"

അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയിലെ പൊലീസ് മർദനം ആസൂത്രിതമെന്ന ആരോപണത്തിൽ ദൃശ്യങ്ങളുമായി ഷാഫി പറമ്പിൽ എംപി. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. എന്നെ തല്ലിയത് അഭിലാഷ് ഡേവിഡ് എന്ന വടകര കണ്ട്രോൾ റൂം സിഐ. ഇയാൾ സിപിഐഎം ഗുണ്ടയാണ്. ഡിവൈഎസ്പി ഹരിപ്രസാദ് ഒരു കയ്യിൽ ഗ്രനേഡും മറു കയ്യിൽ ലാത്തിയുമായി മർദിച്ചു. സംഘർഷം ഉണ്ടാക്കിയത് ശബരിമലയിൽ നിന്നും ശ്രദ്ധ തിരിക്കനാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രസിഡന്റിലും ഗൂഢാലോചന നിൽക്കുന്നില്ല. കട്ടവർ സർക്കാരിലും ഉണ്ട്. അയ്യപ്പൻ്റെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വവും കൂട്ടുനിന്നു. ഇതിനെ മറച്ചുവയ്ക്കാനാണ് പ്രകോപനമില്ലാതെ പേരാമ്പ്രയിൽ അടക്കം സംഘർഷം ഉണ്ടാക്കിയത്,'' ഷാഫി പറമ്പില്‍.

പേരാമ്പ്രയില്‍ ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആക്രമിച്ചത്. എസ്പി പറഞ്ഞത് പോലെ പിറകിൽ നിന്നല്ല, മുന്നില്‍ നിന്നാണ് അടിച്ചത്. മൂന്നാമതും തന്നെ ഉന്നം വച്ച് അടിക്കാൻ നോക്കിയപ്പോൾ മറ്റൊരു പൊലീസുകാരൻ തടഞ്ഞു. ഇത് അറിയാതെ പറ്റിയതാണെന്ന് പറയാൻ പറ്റുമോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ഗ്രനേഡ് പൊട്ടിയത് പൊലീസിൻ്റെ കയ്യിൽ നിന്നാണ്. ഡിവൈഎസ്പി ഹരിപ്രസാദ് ഒരു കയ്യിൽ ഗ്രനേഡും മറു കയ്യിൽ ലാത്തിയുമായി മർദിച്ചു. അല്ലാതെ പ്രവർത്തകരുടെ മർദനത്തിൽ പൊലീസിന് പരിക്കേറ്റിട്ടില്ല. മർദനത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണമുണ്ട്. ആക്രമണത്തിൽ ഇതുവരെ പൊലീസ് മൊഴി എടുത്തിട്ടില്ല. എന്തുകൊണ്ടാണ് നടപടി ഇല്ലാത്തതെന്നും മർദിച്ച ആളെ കണ്ടെത്താൻ കഴിയാത്തതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. എഐ ടൂളുകൾ വച്ച് ആളെ കണ്ടുപിടിക്കും എന്നാണ് പറഞ്ഞത്. പിണറായിയുടെ എഐ ടൂളുകൾ പണി മുടക്കിയോ എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

പേരാമ്പ്രയിലെ മർദനം മുൻ നിശ്ചയിച്ച പ്രകാരം ആയിരുന്നു. മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് ഗ്രനേഡ് മര്യാദയ്ക്ക് എറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞയാഴ്ച പ്രത്യേക പരിശീലനം നൽകിയത്. പൊലീസ് പൊലീസിന്റെ പണി എടുക്കണം അല്ലാതെ സിപിഐഎമ്മിന്റെ പോഷക സംഘടനയുടെ പണി എടുക്കരുത്. വിഷയത്തിൽ നിയമ പോരാട്ടം തുടരും. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക്‌ തെളിവുകൾ കൈമാറുമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.

SCROLL FOR NEXT