ഷാഫി പറമ്പിൽ, ഇ.എൻ. സുരേഷ് ബാബു Source: News Malayalam 24x7
KERALA

"ഇങ്ങനെയാണോ സിപിഐഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്?"; അധിക്ഷേപത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി; പേടിയില്ലെന്ന് സുരേഷ് ബാബു

പറയേണ്ടത് പറയാൻ ശേഷി ഉള്ളതുകൊണ്ടാണ് പറഞ്ഞതെന്നാണ് സുരേഷ് ബാബുവിൻ്റെ പക്ഷം

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എംപി. നടന്നത് ആരോപണമല്ല അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പറഞ്ഞാണോ അടുത്ത തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് സിപിഐഎം വ്യക്തമാക്കണം. നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അധിക്ഷേപത്തിൻ്റെ രാഷ്ട്രീയം മുറുകെപിടിച്ചാണ് സിപിഐഎം മുന്നോട്ട് പോകുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇതാണോ സിപിഐഎമ്മിന്റെ രാഷ്ട്രീയ തന്ത്രമെന്നാണ് ഷാഫി പറമ്പിലിൻ്റെ ചോദ്യം. ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ അടുത്ത തെരഞ്ഞെടുപ്പിലേക്ക് സിപിഐഎം ഒരുക്കിവെച്ചിരിക്കുന്ന മാനിഫെസ്റ്റോ. ഇതാണോ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. വിഷയത്തിൽ സിപിഐഎം നേതൃത്വം മറുപടി പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ജനങ്ങളുടെ മുമ്പിൽ വേറൊന്നും പറഞ്ഞു പിടിച്ചുനിൽക്കാൻ പറ്റാഞ്ഞിട്ടാണോ വ്യക്തിഹത്യയും അധിക്ഷേപവും തുടരുന്നതെന്നും ഷാഫി ചോദിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ചർച്ചകളിലേക്ക് മാറണമെന്നായിരിക്കാം അവർ ആഗ്രഹിക്കുന്നത്. ഇതാണോ സിപിഐഎമ്മിന്റെ 2026-ലെ രാഷ്ട്രീയ ടൂൾ എന്ന് ജനം വിലയിരുത്തട്ടെ എന്നും ഷാഫി കൂട്ടിച്ചേർത്തു.

അതേസമയം ഷാഫി നിയമപരമായി മുന്നോട്ട് പോകട്ടെ എന്ന് പറഞ്ഞുകൊണ്ട് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു രംഗത്തെത്തി. പറയേണ്ടത് പറയാൻ ശേഷി ഉള്ളതുകൊണ്ടാണ് പറഞ്ഞത്. ഷാഫി വെല്ലുവിളിക്കട്ടെ അപ്പോൾ മറുപടി പറയാം. ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും സ്ത്രീവിഷയത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നായിരുന്നു സുരേഷ് ബാബുവിൻ്റെ പ്രസ്താവന. കൊത്തി കൊത്തി മുറത്തിൽ കൊത്തിയപ്പോഴാണ് വി.ഡി. സതീശൻ നടപടി എടുത്തത്. ഹെഡ്‌മാഷ് തന്നെ നല്ലൊരു ആളെ കണ്ടാൽ ബാംഗ്ലൂർ ട്രിപ്പ്‌ അടിക്കാമോ എന്നാണ് ചോദിക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.

SCROLL FOR NEXT