പി.കെ. ശശിയെ സ്വാഗതം ചെയ്ത് ഷംസുദീൻ എംഎൽഎ Source: Files
KERALA

"ശശിയേട്ടൻ പറയട്ടെ, നിലപാട് വ്യക്തമാക്കിയാൽ യുഡിഎഫ് സ്വീകരിക്കും"; പി.കെ. ശശിയെ സ്വാഗതം ചെയ്ത് ഷംസുദീൻ എംഎൽഎ

ജനപിന്തുണയുള്ളവർ വരുമ്പോൾ സ്വാഗതം ചെയ്യുമെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സിപിഐഎമ്മിനോട് ഇടഞ്ഞ പി.കെ. ശശിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എൻ. ഷംസുദീൻ. ശശി നിലപാട് വ്യക്തമാക്കിയാൽ യുഡിഎഫ് സ്വീകരിക്കും. ജനപിന്തുണയുള്ളവർ വരുമ്പോൾ സ്വാഗതം ചെയ്യുമെന്നും എൻ. ഷംസുദീൻ പറഞ്ഞു. ശശിയെ സിപിഐഎം ഒറ്റപ്പെടുത്തി. പാർട്ടിയോടുള്ള വിയോജിപ്പ് കൊണ്ടാണ് കെടിഡിസി സ്ഥാനം രാജിവച്ചത്. കേരളത്തിൽ ഇനിയും വിസ്മയങ്ങൾ ഉണ്ടാകും. സിപിഐഎമ്മിൽ നിരവധി അതൃപ്തരുണ്ടെന്നും ഷംസുദീൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചത്. വ്യക്തിപരമായ പ്രയാസങ്ങൾ കൊണ്ടാണ് രാജിയെന്നായിരുന്നു ശശിയുടെ പ്രതികരണം. യുഡിഎഫിലേക്ക് പോകുന്നതിനെപ്പറ്റി ചോദിക്കേണ്ടതില്ലെന്നും ഇപ്പോഴും സിപിഐഎം അംഗം തന്നെയെന്നും ശശി പറഞ്ഞു. മറിച്ചൊരു തീരുമാനം എടുത്തിട്ടില്ല, നാളെ എന്താകുമെന്ന് ആർക്കും പറയാൻ പറ്റില്ലെന്നും പി.കെ. ശശി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആരുടെയും നിർബന്ധത്താലല്ല, സ്വമനസാലെയാണ് രാജി സമർപ്പിച്ചത്. ഇത് കെടിഡിസിയിൽ നിന്നുള്ള രാജിയാണ്. താൻ ഇപ്പോഴും സിപിഐഎം അംഗമാണ്. മാർക്സിസ്റ്റ് ആദർശം മുറുകെ പിടിക്കുന്നയാളാണ്. സണ്ണി ജോസഫുമായി ഈ നിമിഷം വരെ സംസാരിച്ചിട്ടില്ലെന്നും, ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പി. കെ. ശശി വ്യക്തമാക്കി.

തരം താഴ്ത്തൽ സംബന്ധിച്ച് പാർട്ടി നേതൃത്വത്തോട് സംസാരിച്ച് കഴിഞ്ഞതാണ്. ഇതുവരെയും മാറിചിന്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പോ, സ്ഥാനാർഥിത്വം സംബന്ധിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല. ഒരു സ്ഥാനാർഥി ചർച്ചയും യുഡിഎഫുമായി നടത്തിയിട്ടില്ലന്നും ശശി പറഞ്ഞിരുന്നു.

SCROLL FOR NEXT