KERALA

തൃശൂരില്‍ ഷിഗെല്ലാ മരണം; സ്ഥിരീകരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍

ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ജില്ലയിൽ ഷിഗെല്ല ബാധിച്ച് ​ഒരാൾ മരിച്ചു. മാപ്രാണം സ്വദേശിയായ 43 കാരനാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. പതിമൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല കണ്ടെത്തിയത്. ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. കൊടകര വട്ടേക്കാട് വാടകയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്.

ഇന്ന് ആകെ എട്ട് ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെ 71 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഒരാളും ജപ്പാൻ ജ്വരം ബാധിച്ച് ഒരാളും ഇന്ന് മരിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 14467 പേർ പനിബാധിതരായി ചികിത്സ തേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

14467 പേർ ചികിത്സ തേടിയതിൽ 170 പേരെ അഡ്മിറ്റ്‌ ചെയ്തു. 40 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് കോഴിക്കോടാണ്. ഏഴ് എലിപ്പനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ട് പേർക്ക് മഞ്ഞപ്പിത്തം, 45 ഇൻഫ്ലുവൻസ കേസുകൾ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT