കോഴിക്കോട്: ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫയ്‌ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഷിംജിത ഒളിവിൽ പോയത്.
ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നും, ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും കാട്ടി ഷിംജിത വടകര പൊലീസിൽ പരാതി നൽകിയിരുന്നു.
ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ മകൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു. ഷിംജിതയെ അറസ്റ്റ് ചെയ്താൽ മാത്രമേ മകന് നീതി ലഭിക്കുകയുള്ളൂ എന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.