കൊച്ചിയിൽ കപ്പലിന് തീപിടിച്ചു 
KERALA

കൊച്ചിയിൽ കപ്പലിന് തീപിടിച്ചു; അപകടം ഉണ്ടായത് അറ്റകുറ്റപ്പണിയ്ക്കായി സ്വകാര്യ ഷിപ്പ് യാർഡിൽ പ്രവേശിപ്പിച്ച കപ്പലിന്

വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാര്‍ഡിലാണ് സംഭവം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു. സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാര്‍ഡിലാണ് സംഭവം. പുലര്‍ച്ചെ കപ്പലിൻ്റെ മുകള്‍ഭാഗത്ത് നിന്നും തീ ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

കപ്പലിൻ്റെ മുകള്‍ ഭാഗത്താണ് തീ പിടിച്ചത്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. സമീപത്ത് അറ്റകുറ്റപ്പണിക്കെത്തിച്ച നിരവധി ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ അതീവ ശ്രദ്ധയോടെയാണ് തീ അണച്ചത്. സീ ബ്ലൂ എന്ന കപ്പൽ യാർഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അറ്റകുറ്റപ്പണികൾ നടത്തി വരികയായിരുന്നു.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കപ്പലിൻ്റെ എൻജിൻ ഭാഗത്ത് നിന്ന് പുകയും തീയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയ കപ്പലായതിനാൽ ഇതിനുള്ളിൽ ഇന്ധനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. അതേസമയം തീപ്പിടുത്തമുണ്ടായ ഷിപ്പ് യാർഡ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും, മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സ്റ്റോപ്പ് മെമോ ലംഘിച്ചുമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

SCROLL FOR NEXT