KERALA

ക്ഷേത്രോത്സവത്തിന് നൽകിയ പിരിവ് കുറഞ്ഞു; പത്തനംതിട്ടയിൽ കട ഉടമയ്ക്ക് ക്രൂരമർദനം, മൂന്നുപേർ അറസ്റ്റിൽ

കെഎം വുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയ്ക്കാണ് മർദനമേറ്റത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഇളമണ്ണൂരിൽ ക്ഷേത്ര ഉത്സവത്തിനുള്ള പിരിവ് കുറഞ്ഞതിന് കട ഉടമയ്ക്ക് മർദനം. കെഎം വുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയ്ക്കാണ് മർദനമേറ്റത്. കടയുടമ 10000രൂപ സംഭാവനയായി നൽകിയിരുന്നു. ഇത് ആവശ്യപ്പെട്ടതിലും കുറവാണെന്ന് ചൂണ്ടിക്കാട്ടി മർദിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ കെട്ടുരുപ്പടികൾ കൊണ്ടുപോകാൻ എന്ന പേരിലായിരുന്നു പണപ്പിരിവ് നടത്തിയത്. ക്ലബിൻ്റെ പിരിവിന് വേണ്ടി എത്തിയവർ കൂടുതൽ തുക ആവശ്യപ്പെട്ടെന്നും നൽകാത്തത് മൂലം സ്ഥാപന ഉടമയെ ക്രൂരമായി മർദിച്ചെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉടമയ്ക്ക് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് അറിയിച്ചു.

റെഡ് ചില്ലീസ് എന്ന പേരുള്ള ക്ലബിലെ അംഗങ്ങളാണ് മർദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് കടയുടമ പരാതി നൽകിയത്. സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ഏഴു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT