വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി Source: Files
KERALA

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്ന് കാട്ടിയാണ് പ്രതികൾ ഹർജി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഷുഹൈബ് വധക്കേസിൻ്റെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹർജി സമർപ്പിച്ചത്.

നിലവിലെ കോടതിയിൽ തന്നെ വിചാരണ തുടരാൻ കോടതി നിർദേശിച്ചു. വിചാരണയിൽ ഇരുവിഭാഗത്തിനും പൂർണമായ പങ്കാളിത്തം ഉറപ്പാക്കാൻ സെഷൻസ് ജഡ്ജി ശ്രദ്ധിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. ആവശ്യമെങ്കിൽ കോടതിക്ക് സ്വമേധയാ തെളിവെടുപ്പ് പുനരാരംഭിക്കാമെന്നും സാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗം അഭിഭാഷകർക്ക് അനുമതി നൽകണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിൽ വ്യക്തമാക്കി.

എന്നാൽ പ്രതിഭാഗം അഭിഭാഷകർ വിചാരണ നീട്ടിവെക്കൽ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. 2018-ൽ നടന്ന സംഭവമായതിനാലും കേസിൽ ഒട്ടേറെ സാക്ഷികളുള്ളതിനാലും വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

2018 ഫെബ്രുവരി 12-ന് രാത്രി എടയന്നൂരിലെ ഒരു തട്ടുകടയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഒന്നാംപ്രതി മുൻ ഡിവൈഎഫ്ഐ പ്രവർത്തകനായ ആകാശ് തില്ലങ്കേരിയാണ്. സിപിഐഎം പ്രവർത്തകരായ 17 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സിപിഐഎം നേതൃത്വത്തിൻ്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ് ആരോപണം.

SCROLL FOR NEXT