കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിൻ്റെ വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ്. മനപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു സിദ്ധാർഥ് പ്രഭുവിൻ്റെ വാഹനം ഇടിച്ച് അപകടമുണ്ടായത്. വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ ഇന്നലെ മരിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ തങ്കരാജാണ് മരിച്ചത്.
അപകടശേഷം നാട്ടുകാരുമായും പൊലീസുമായും വാക്കുതർക്കത്തിൽ ഏർപ്പെട്ട സിദ്ധാർഥ് പ്രഭുവിനെ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. എംസി മദ്യപിച്ച് വാഹമോടിച്ച് അപകടമുണ്ടായതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.