നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സജീവമായി സ്ഥാനാർഥികൾ Facebook
KERALA

നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്; മണ്ഡലത്തിൽ ഇന്ന് നിശബ്ദപ്രചരണം

അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് ഒരുനാൾ മാത്രം. ഇന്ന് മണ്ഡലത്തിൽ നിശബ്ദപ്രചരണമാണ്. പോളിങ് സാമഗ്രിഹികൾ ഇന്ന് കൈമാറും. അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രമുഖ വ്യക്തികളുമായുള്ള സ്ഥാനാർഥികളുടെ സ്വകാര്യ സന്ദർശനവും ഇന്ന് നടക്കും. ഈ മാസം 23നാണ് നിലമ്പൂരിൽ വോട്ടെണ്ണൽ.

മൂന്നാഴ്ച നീണ്ട തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ കഴിഞ്ഞദിവസം സമാപനം കുറിച്ചത്. മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയോടെയാണ് എത്തിയത്. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെ നേതാക്കൾ റോഡ് ഷോയിൽ എത്തിയിരുന്നു. യുഡിഎഫിൻ്റെ ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, ഷാഫി പറമ്പിൽ എംപി തുടങ്ങിയവരും എത്തി. ബിജെപി സ്ഥാനാർഥി മോഹൻ ജോർജിനൊപ്പം പി.കെ. കൃഷ്ണദാസ്, ബി. ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കളും എത്തിയിരുന്നു.

കനത്ത മഴയിലും ആവേശത്തോടെയായിരുന്നു നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങിയത്. അതേസമയം, കലാശക്കൊട്ട് ഒഴിവാക്കി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ് പി.വി. അൻവർ ചെയ്തത്. കൊടുങ്കാറ്റ് വന്നാലും വോട്ട് പെട്ടിയില്‍ വീഴുമെന്നായിരുന്നു അൻവർ പറഞ്ഞത്. നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക് എത്താനിരിക്കെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും സ്ഥാനാർഥികളും.

SCROLL FOR NEXT