മലപ്പുറം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്കും ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പ്രമുഖ ഗായകൻ സലീം കോടത്തൂർ. ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച പതിനേഴുകാരിക്ക് ഉണ്ടായതിന് സമാനമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും സലീം പറഞ്ഞു.
കാസർഗോഡുള്ള ഒരു സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഫലം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ശരീരത്തിൻ്റെ പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു.
മാസങ്ങളോളം ചികിത്സ നടത്തിയ ശേഷമാണ് രോഗകാരണം കണ്ടെത്താൻ കഴിഞ്ഞത്. ക്രീം ഉപയോഗിച്ചപ്പോൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഫലം കിട്ടി. ഇപ്പോൾ മുൻപുളളതിനേക്കാൾ മുഖം കരിവാളിച്ചു. മാസങ്ങളോളം പ്രോഗ്രാം മാറ്റിവെക്കേണ്ടി വന്നു. ഇപ്പോഴും ഉറക്കം പഴയ സ്ഥിതിയിലേക്ക് മാറിയിട്ടില്ല. പല ഭക്ഷണസാധനങ്ങളും കഴിക്കുന്നത് ഒഴിവാക്കേണ്ടി വന്നുവെന്നും സലീം കോടത്തൂർ പറഞ്ഞു.