KERALA

ശബരിമല സ്വർണക്കൊള്ള: പിച്ചളപ്പാളി മാറ്റി ചെമ്പ് പാളിയെന്നാക്കി, ദേവസ്വം മിനുട്സ് മനഃപൂർവം തിരുത്തി; എ. പത്മകുമാറിനെതിരെ എസ്ഐടി

പോറ്റിക്ക് പാളികൾ കൈമാറിയത് തന്ത്രിയുടെ അനുമതിയോടെയെന്ന വാദം തെറ്റാണെന്നും എസ്ഐടി

Author : ലിൻ്റു ഗീത

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ മനഃപൂർവം തിരുത്തൽ വരുത്തി. പോറ്റിക്ക് പാളികൾ കൈമാറിയത് തന്ത്രിയുടെ അനുമതിയോടെയെന്ന വാദം തെറ്റാണ്. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ല. അത്തരം രേഖകൾ ലഭ്യമല്ലെന്നും എസ്ഐടി ഹൈക്കോടതിയിൽ പറഞ്ഞു. പാളികൾ കൊടുത്തുവിടാൻ അനുമതി വാങ്ങിയില്ല. തന്ത്രിയുടെ അഭിപ്രായവും എ. പത്മകുമാർ തേടിയിട്ടില്ലെന്നും എസ്ഐടി വ്യക്തമാക്കി.

സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിട്ട നടപടിക്രമങ്ങളിൽ കേസിലെ പ്രതികളായ ഉദ്യോഗസ്ഥർ മനഃപ്പൂർവം വീഴ്ച വരുത്തുകയായിരുന്നെന്ന് എസ്ഐടി റിപ്പോർട്ട്. പത്മകുമാറിന്റെ ജാമ്യ ഹർജിയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019ൽ സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിട്ട ശേഷം അറ്റകുറ്റപ്പണിക്ക് മേൽനോട്ടം വഹിക്കാൻ കെ.എസ്. ബൈജുവിനെ ചുമതലപ്പെടുത്തിയെങ്കിലും ഇതിന് നടപടയുണ്ടായില്ല. ദേവസ്വം സ്വർണപ്പണിക്കാരന്റെ സാന്നിധ്യമുണ്ടായിട്ടും ഡി. സുധീഷ്‌കുമാർ തയാറാക്കിയ മഹസറിൽ ചെമ്പുതകിടുകൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എസ്ഐടിയുടെ കണ്ടെത്തൽ.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വാറൻ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് ഗൂഡാലോചനയുടെ ഭാഗമാണെന്നും നാഗ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നൽകിയ വിശദീകരണത്തിൽ എസ്ഐടി അറിയിച്ചു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ഗുരുതര വീഴ്ച ഉണ്ടായി. പ്രതികൾ ബെംഗളുരുവില്‍ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി വ്യക്തമാക്കി.

സ്വര്‍ണക്കവര്‍ച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. 2025 ഒക്ടോബറിലാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അന്വേഷണത്തിലൂടെ വ്യക്തമായി. 2019ലെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച കുറ്റകൃത്യം മറയ്ക്കാനാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന് സിഡിആര്‍ പരിശോധനയില്‍ വ്യക്തമായെന്നും എസ് ഐടിഅറിയിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെയും സ്വർണ വ്യാപാരി ഗോവർധൻ്റെയും ജാമ്യ ഹർജികൾ വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ആറാഴ്ച കൂടി സമയം നീട്ടി കിട്ടിയതിനാൽ അന്വേഷണം വിപുലീകരിക്കാനാണ് എസ്ഐടിയുടെ തീരുമാനം.

SCROLL FOR NEXT