Source: Social Media
KERALA

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിലെ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാനാവാതെ എസ്ഐടി; കൂടുതൽ പരിശോധന നടത്താൻ നീക്കം

മെയ് മാസം അവസാനത്തെ ആഴ്ചയിലായിരുന്നു അതിജീവിത രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കുന്നത്തൂർ മേടിലുള്ള രാഹുലിൻ്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാനാവാതെ എസ്ഐടി.അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ എസ്ഐടിയിക്ക് ലഭ്യമായില്ല. സിസിടിവി ഡിവിആറിന് ബാക്ക് അപ് കുറവായതാണ് കാരണം. മെയ് മാസം അവസാനത്തെ ആഴ്ചയിലായിരുന്നു അതിജീവിത രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയത്. സംഭവം നടന്നിട്ട് അഞ്ചു മാസത്തോളമായതിനാൽ ദൃശ്യങ്ങൾ റിട്രൈവ് ചെയ്ത് എടുക്കാനും എസ്ഐടി ശ്രമിക്കുന്നുണ്ട്.

ഇതിനു പുറമേ, സമീപത്തെ കൂടുതൽ സിസിടിവികളും പരിശോധിക്കാനൊരുങ്ങുകയാണ് എസ്ഐടി. സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും ദൃശ്യങ്ങൾ പരിശോധിക്കാനാണ് നീക്കം.12 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്നും എസ്ഐടിയുടെ അഞ്ചംഗം സംഘം പാലക്കാട്ടെ രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയത്. എംഎൽഎ ഓഫീസിലും എസ്ഐടി പരിശോധന നടത്തും.

അതേസമയം, രാഹുലിന് വേണ്ടിയുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. രാഹുൽ പാലക്കാട് ഉണ്ടെന്ന് തന്നെയാണ് പൊലീസിൻ്റെ നിഗമനം. അധികം യാത്ര ചെയ്യാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ പാലക്കാട് ജില്ലയിലെ പൊലീസ് സംഘമായിരിക്കും പ്രധാന പരിശോധന നടത്തുക. ഇതിന് പുറമേ കണ്ണൂർ, കൊച്ചി, തൃശൂർ, കൊച്ചി, കോയമ്പത്തൂർ എന്നീ ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. ബുധനാഴ്ചയ്ക്ക് മുമ്പ് തന്നെ രാഹുലിനെ കണ്ടെത്താനാണ് തീരുമാനം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ സൈബർ ആക്രമണം കടുത്തതോടെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അതിജീവിത. പെൺകുട്ടിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. കോൺഗ്രസുമായി ബന്ധപ്പെട്ട് ചില ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ നടത്തിയ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവ ചേർത്താണ് അതിജീവിത പരാതി നൽകിയത്.

SCROLL FOR NEXT