തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് 10 ദിവസമാവുകയാണ്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും കർണാടകയിൽ തന്നെയാണെന്ന് എസ്ഐടി പറയുന്നു. ഇതിനിടെ ഓണായ ഫോൺ രാഹുലിന്റെ പക്കലില്ല. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നാണ് ഇതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം.
കർണാടകയിലെ സുള്ള്യയിലാണ് ഫോണിൻ്റെ അവസാന ലൊക്കേഷൻ കാണിച്ചിരിക്കുന്നത്. എന്നാൽ സുള്ള്യയിൽ നടത്തിയ പരിശോധനയിൽ രാഹുലിനെ പിടികൂടാനായിട്ടില്ല. ഫോൺ മറ്റാരുടെയെങ്കിലും പക്കലാവാം എന്ന് വിലയിരുത്തലിലാണ് അന്വേഷണ സംഘം.
ബെംഗളൂരു വിട്ട് പുറത്തേക്ക് വന്നു എന്ന സൂചന ലഭിച്ചതോടെ എസ്ഐടി പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ബാഗല്ലൂരിൽ 15 ഏക്കറിലുള്ള റിസോർട്ടിലാണ് രാഹുൽ കഴിഞ്ഞത്. കൂട്ടുപ്രതി ജോബി ജോസഫും രാഹുലിന് ഒപ്പമുണ്ടെന്ന സൂചനകൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബെഞ്ചിൽ 32 -ാമത്തെ കേസായാണ് ഹർജി എത്തുക . എഫ്ഐഎസിലെ ആരോപണങ്ങള്‍ ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ പെടുന്നതല്ല, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള്‍ വഴിതെറ്റിക്കാനുള്ള പൊലീസിന്റെ ശ്രമമാണ്. അത് തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നും രാഹുല്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .