തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അറിയാനാണ് മൊഴി രേഖപ്പെടുത്തുന്നത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ കൊല്ലം വിജിലൻസ് കോടതി വീണ്ടും കസ്റ്റഡിയിൽ വിട്ടു.
ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതാക്കളും ചോദ്യമുനയിലെത്തുകയാണ്. അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ചിത്രങ്ങളുൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിലാണ് എസ്ഐടിയുടെ നിർണായക നീക്കം. കേസിൽ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ ഭണ്ഡാരി എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം സ്വർണക്കൊള്ളയിൽ വിദേശ വ്യവസായിയുടെ ആരോപണം പൂർണമായും നിഷേധിച്ചിരിക്കുകയാണ് ഡി. മണിയും സുഹൃത്തുക്കളും. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ശബരിമലയുമായി ഒരു ഇടപാടും നടത്തിയിട്ടില്ല എന്ന് ഡി. മണിയും സഹായികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരും എസ്ഐടിക്ക് മൊഴി നൽകി.
കേരളത്തിൽ ബിസിനസ് സൗഹൃദങ്ങൾ ഇല്ലെന്നും തമിഴ്നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നുമാണ് ഇവർ എസ്ഐടിക്ക് നൽകിയ മൊഴി. എന്നാൽ ഡി. മണിയുടെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഡി. മണിയും കേരളത്തിലെ ഉന്നതനുമാണ് അതിന് നേതൃത്വം നൽകിയത് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് മണിയിലേക്ക് അന്വേഷണം എത്തിയത്. എന്നാൽ പൊലീസ് അന്വേഷിക്കുന്ന ഡി. മണി താനല്ലെന്നായിരുന്നു എസ്ഐടി ചോദ്യം ചെയ്ത മണിയുടെ വിശദീകരണം. തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസിനപ്പുറം മറ്റ് കച്ചവടങ്ങളോ കേസുകളോ ഇല്ല എന്നും മണി നേരത്തെ പറഞ്ഞിരുന്നു.