സുധാകരനും മഠാധിപതിയും ഒരേ വേദിയിൽ  Source: News Malayalam 24x7
KERALA

"സുധാകരന് ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യമുണ്ട്"; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി

സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നു എന്നും മഠാധിപതി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ആരോഗ്യപ്രശ്നങ്ങളുടെ പേര് പറഞ്ഞാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയത്. എന്നാൽ ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യം സുധാകരനുണ്ടെന്നും ശിവഗിരി മഠാധിപതി പറഞ്ഞു.

സുധാകരൻ നേതൃസ്ഥാനത്ത് നിന്നും അർഹതപ്പെട്ട സ്ഥാനത്തു നിന്നും തഴയപ്പെട്ടു. സുധാകരൻ തഴയപ്പെട്ടത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നു എന്നും മഠാധിപതി പറഞ്ഞു. നാലുവർഷം മുൻപ് രാഹുൽഗാന്ധി ശിവഗിരിയിൽ എത്തിയപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

ഒരു വാർഡിൽ പോലും മത്സരിക്കാൻ അനുവദിക്കുന്നില്ല എന്ന പരാതി ശിവഗിരി മഠത്തിൽ എത്തുന്നുണ്ട്. കെ. ബാബു മാത്രമായിരുന്നു സമുദായത്തിൽ നിന്ന് എംഎൽഎ ആയി ഉണ്ടായിരുന്നത്. എല്ലാ സമുദായത്തിനും അർഹതപ്പെട്ടത് നൽകിയില്ലെങ്കിൽ ഇനിയും പിന്തള്ളപ്പെടുമെന്ന് സംശയം വേണ്ട എന്നും മഠാധിപതി ഓർമപ്പെടുത്തി.

കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തിൽ ചുറ്റിക്കറങ്ങുന്നു. രണ്ടോ മൂന്നോ നേതാക്കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. എന്നാൽ മഠാധിപതി അദ്ദേഹത്തിൻ്റെ അഭിപ്രായമാണ് പറഞ്ഞത് എന്ന് സുധാകരൻ പറഞ്ഞു.

SCROLL FOR NEXT