കവളപ്പാറ Source: News Malayalam 24x7
KERALA

59 പേർക്ക് ജീവൻ നഷ്ടമായി, 11 പേർ ഇപ്പോഴും കാണാമറയത്ത്; കവളപ്പാറ ദുരന്തത്തിന് ആറാണ്ട്

126 കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചതെന്നാണ് കണക്ക്. 44 വീടുകൾ പൂർണമായും തകർന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്

കവളപ്പാറ: കേരളത്തെ കണ്ണീരിലാഴ്ത്തിയ കവളപ്പാറ ദുരന്തം നടന്നിട്ട് ഇന്നേക്ക് ആറു വർഷം. 59 പേരുടെ ജീവനാണ് ആ ഉരുൾപൊട്ടലിൽ ഇല്ലാതായത്. ഉരുളെടുത്ത കൃഷിഭൂമി ഉൾപ്പെടെ ദുരന്ത സ്ഥലം കൃഷിയോഗ്യമാക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടും ഇപ്പോഴും അവയൊന്നും ഔദ്യോഗിക സംവിധാനത്തിന് നടപ്പാക്കാനായിട്ടില്ല.

2019 ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് മുത്തപ്പൻ മലയുടെ ഒരു ഭാഗം പിളർന്ന് താഴേക്ക് പതിച്ചത്. ഒരു ഗ്രാമത്തിനു മുകളിലാകെ കൂമ്പാരമായി മണ്ണ് മൂടി കിടന്നു. 59 പേർക്ക് ജീവൻ നഷ്ടമായി. 11 പേർ ഇപ്പോഴും കാണാമറയത്താണ്.

കേരളം കണ്ട വലിയ ഒരു ദുരന്തത്തിൻ്റെ ശേഷിപ്പാണ് കവളപ്പാറ. 53 ഏക്കറാണ് ഉരുൾപൊട്ടൽ ഉഴുതുമറിച്ചിട്ടത്. ഇതിൽ 15 ഏക്കർ ഭൂമി യന്ത്രമിറക്കി കൃഷിയോഗ്യമാക്കാൻ സാധിക്കുന്നതാണ്. കവളപ്പാറ കോളനി കൂട്ടായ്മ ഹൈക്കോടതിയിൽ പോയപ്പോൾ എത്രയും വേഗം ഭൂമി കൃഷിയോഗ്യമാക്കണമെന്ന് ഉത്തരവ് നൽകിയതാണ്. എന്നാൽ ഇപ്പോഴും അതിൻ്റെ അന്തിമ നടപടികൾ ആയിട്ടില്ല.

126 കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചതെന്നാണ് കണക്ക്. 44 വീടുകൾ പൂർണമായും തകർന്നിരുന്നു. ഇവർക്ക് സർക്കാർ 10 ലക്ഷം രൂപ വീതം നൽകി. സന്നദ്ധ സംഘടനകളാണ് കൂടുതലും വീടുകൾ നിർമിച്ചു നൽകിയത്. മുത്തപ്പൻ മലയുടെ മറുഭാഗത്തുള്ള 72 കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഈ കേസും കോടതിയിലാണ്. ഇവരുടെ പുനരധിവാസവും ഇനിയും നടപ്പായിട്ടില്ല.

SCROLL FOR NEXT