കോഴിക്കോട് : എസ്എംഎ രോഗബാധിതരായ മൂന്ന് കുട്ടികള്‍ക്കായുള്ള മരുന്ന് വിഷയത്തില്‍ ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പരാമര്‍ശം ധനസമാഹരണത്തില്‍ ചെറിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് കുടുംബം പ്രതികരിച്ചു. ആരോഗ്യ മന്ത്രി പിന്നീട് തന്റെ അഭിപ്രായം തിരുത്തിയെങ്കിലും ധനസമാഹരണത്തില്‍ നേരിയ ഇടിവ് ഉണ്ടായതായും കുഞ്ഞുങ്ങളുടെ കുടുംബം പറഞ്ഞു.
പല പ്രതിസന്ധികളും കടന്ന് ഇതുവരെ 39.57 കോടി രൂപ ലഭിച്ചതായും കേരളം കൂടെ നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചികിത്സ സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഇനി 8 ദിവസങ്ങളാണ് അവശേഷിക്കുന്നതെന്നും ഇതിനുള്ളില്‍ 10.43 കോടി രൂപ കൂടി കണ്ടെത്തണമെന്നും ചികിത്സ സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.
മരുന്ന് സര്‍ക്കാരിന്റെ കൈവശം ലഭ്യമാണെന്നും പിന്നെ എന്തിനാണ് ക്യാംപെയിന്‍ എന്നുമായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. എന്നാല്‍, ഏത് ചികിത്സാ രീതിക്ക് വേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് താന്‍ പറഞ്ഞതെന്നാണ് പിന്നീട് മന്ത്രി വിശദീകരിച്ചത്.