ബാഗിൽ നിന്നും പാമ്പിനെ പിടികൂടുന്നു Source: News Malayalam 24x7
KERALA

ഒന്നാം ക്ലാസുകാരൻ്റെ ബാഗിൽ മൂർഖൻ പാമ്പ്; സംഭവം കാക്കനാട് അത്താണിയിൽ

അന്തരീക്ഷം ചൂടാകുമ്പോൾ തണുപ്പ് തേടി വീടിനകത്ത് കയറിയ മൂർഖൻ പാമ്പ് ബാഗിൽ കയറിക്കൂടിയതാകാം എന്നാണ് കരുതുന്നത്

Author : പ്രണീത എന്‍.ഇ

എറണാകുളം: കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മുർഖൻ പാമ്പിനെ പിടികൂടി. എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നുമാണ് പാമ്പിനെ പിടിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശയ്ക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചു വാരുന്നതിനിടെ മേശക്ക് താഴേയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചു. എന്നാൽ ബാഗിനു നല്ല ഭാരം തോന്നി. തുടർന്ന് തുറന്നു നോക്കിയപ്പോൾ പാമ്പിനെ കാണുന്നത്.

പരിഭ്രാന്തരായ വീട്ടുകാർ കുട്ടിയുടെ ബാഗ് മുറ്റത്തേക്ക് ഇട്ട് ചാക്ക് കൊണ്ട് മൂടുകയായിരുന്നു. പിന്നാലെ വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ദരെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തി മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. അന്തരീക്ഷം ചൂടാകുമ്പോൾ തണുപ്പ് തേടി വീടിനകത്ത് കയറിയ മൂർഖൻ പാമ്പ് ബാഗിൽ കയറിക്കൂടിയതാകാം എന്നാണ് കരുതുന്നത്.

SCROLL FOR NEXT