മലപ്പുറം: പാണ്ടിക്കാട് വാഹന സ്പെയർ പാർട്‌സ് കടയിൽ മോഷണം. പണവും ചെമ്പുകമ്പിയുമുൾപ്പെടെ മോഷണം പോയി. കടയിൽ പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സിസിടിവിയിലൂടെ കള്ളന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പാണ്ടിക്കാട് മഞ്ചേരി റോഡിലെ പെട്രോൾ പമ്പിന് എതിർ വശത്തുള്ള, എം.എ ഓൾഡ് മാർക്കറ്റിലാണ് കവർച്ച നടന്നത്. പഴയ വാഹനങ്ങൾ പൊളിച്ച് സ്പെയർ പാർട്സുകൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലെത്തിയ കള്ളൻ പൂട്ടുപൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 8നും 9നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന ആറായിരം രൂപ കള്ളൻ കൊണ്ടുപോയി. നാലായിരം രൂപ വിലമതിക്കുന്ന ചെമ്പുകമ്പികളും കവർന്നിട്ടുണ്ട്. എന്നാൽ കള്ളന്റെ ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ വ്യക്തമാണ്.
സ്ഥാപനത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് മോഷ്ടാവ് എന്നാണ് പാണ്ടിക്കാട് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. നാല് വർഷം മുമ്പ് ഇതേ സ്ഥാപനത്തിൽ കവർച്ച നടന്നിട്ടുണ്ടെന്നും പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഉടമയ്ക്ക് പരാതിയുണ്ട്.