കൊച്ചി: കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശങ്ങളെ അഗണിച്ച് സമൂഹമാധ്യമങ്ങളിൽ വീണ്ടും മുഖ്യമന്ത്രി ചർച്ച സജീവമാകുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടിയാണ് വ്യാപക പ്രചാരണം നടക്കുന്നത്. 'ജയിപ്പിക്കാൻ അറിയാമെങ്കിൽ, ഭരിക്കാനും അറിയാമെന്ന തലക്കെട്ടോടെയാണ് സതീശനായി ഫ്ലക്സുകളും പോസ്റ്റുകളുമെല്ലാം പ്രത്യക്ഷപ്പെടുന്നത്. 'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ' എന്നാണ് പ്രചാരണം. 32 എംഎൽഎമാരുടെ പിന്തുണ വി.ഡി. സതീശനാണ് ഉള്ളതെന്നും പറയുന്നു.
സ്വകാര്യ ചാനലിന്റെ മുഖ്യമന്ത്രി സർവ്വേ അടക്കം പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും സർവ്വേയിൽ പങ്കെടുത്ത് 'വിഡി'ക്ക് വോട്ട് രേഖപ്പെടുത്തണമെന്നാണ് ആവശ്യം. നേരത്തേ മുഖ്യമന്ത്രി ചർച്ചകൾ അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്. ഫ്ലെക്സ് ബോർഡുകളും തിരിച്ച് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു.
"അതേ സമയം ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന ഏതൊരു തീരുമാനത്തേയും എല്ലാവരും അംഗീകരിക്കും എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇനി ചർച്ചയുടെ ആവശ്യമില്ല. അതെല്ലാം കഴിഞ്ഞു. ഘടക കക്ഷികളുമായും ഇനി ചർച്ച ഉണ്ടാകില്ല. ഹൈക്കമാൻഡ് ഇനി തീരുമാനം പറയും.ആ തീരുമാനത്തിന് കാത്തിരിക്കുകയാണ്."ചെന്നിത്തല പറഞ്ഞു.