പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസിൽ പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമായക്കി പൊലീസ്. മൂന്നുപേരെയാണ് ഇനി കേസിൽ പിടികൂടാൻ ഉള്ളത്. ഇതിൽ രണ്ടുപേർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായാണ് സൂചന. കേസിൽ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, ബർലിൻദാസ്, വരുൺ കുമാർ എന്നിവരെ പിടികൂടിയിരുന്നു. ഇതിനിടെ പൊലീസിനെതിരെയുള്ള ആരോപണങ്ങളിലും ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്.
ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തുകയായിരുന്നു. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ സ്ഥാപന ഉടമയുടെ നിർണായക മൊഴി പുറത്തുവന്നിരുന്നു. നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും, മറ്റൊരു സ്ഥാപനത്തിൻ്റെ ക്വട്ടേഷൻ ആണെന്നുമായിരുന്നു സ്ഥാപന ഉടമ പറഞ്ഞത്. ഞങ്ങളുടെ സ്പായിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം പിരിച്ചിട്ടില്ലെന്നും സ്പാ ഉടമ പറഞ്ഞു. സ്പാകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നതായുള്ള ആരോപണത്തിൽ സേനയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സ്പാ ഉടമയുടെ വെളിപ്പെടുത്തൽ.
സ്പായിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായതിൽ പ്രതികരിച്ച് അതിജീവിതയും പ്രതികരിച്ചിരുന്നു. കഴുത്തിൽ കത്തി വെച്ച് ബലാത്സംഗം ചെയ്തതെന്നും ക്രൂരപീഡനമാണ് നേരിടേണ്ടി വന്നതെന്നും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. ബലാത്സംഗം ചെയ്യുന്നതിൻ്റെ വീഡിയോ മരണ സുബിൻ ഫോണിൽ ചിത്രീകരിച്ചു. സ്പായിലെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത വെളിപ്പെടുത്തി. ആ സമയത്ത് സ്പായിൽ ഒരു കസ്റ്റമർ ഉണ്ടായിരുന്നു. അയാളെ ഉപദ്രവിച്ച ശേഷം അയാൾക്കൊപ്പം കിടത്തിയും നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും അതിജീവിത ചൂണ്ടിക്കാട്ടി.