മരണപ്പെട്ട രാജേഷ്  Source: News Malayalam 24x7
KERALA

അരൂർ അപകടം: ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് വാഹനം കയറ്റി വിട്ടു; നിർമാണ കമ്പിനിക്ക് വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഇത് നിർമാണ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഫ്ലൈ ഓവര്‍ നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ തകര്‍ന്നുവീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് വാഹനം കയറ്റി വിട്ടെന്ന് പൊലീസ് പറയുന്നു. ഇത് നിർമാണ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഇന്ന് പുലര്‍ച്ചയാണ് ഫ്ലൈ ഓവര്‍ നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. വാനിന്റെ മുകളിലേക്ക് ഗര്‍ഡര്‍ തകര്‍ന്നുവീഴുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി അപകടം ഉണ്ടാകാറുണ്ട് എന്നും അധികൃതര്‍ കൃത്യമായ നടപടി സ്വീകരിക്കാറില്ലെന്നുമാണ് നാട്ടുകാരുടെ പ്രതികരണം.

അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ദേശീയപാതാ അതോറിറ്റി വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. വിദഗ്ദ്ധ സമിതി ഇന്നു തന്നെ പ്രാഥമിക പരിശോധന നടത്തും. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കൂ എന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.

അതേസമയം കൊലപ്പെട്ട രാജേഷിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് കരാര്‍ കമ്പനി അറിയിച്ചു. ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്. കമ്പനിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് രാജേഷിന്റെ മൃതദേഹം ഉടന്‍ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ തന്നെ ചെക്ക് നല്‍കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.

SCROLL FOR NEXT