KERALA

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ നിർണായക നീക്കം; എൻ. വാസുവിൻ്റെ മൊഴിയെടുത്തു

2019ലെ ദേവസ്വം കമ്മീഷണറും പിന്നീട് ​ദേവസ്വം പ്രസിഡൻ്റുമായിരുന്നു എൻ. വാസു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിൻ്റെ മൊഴി രേഖപ്പെടുത്തി. 2019ലെ ദേവസ്വം കമ്മീഷണറും പിന്നീട് ​ദേവസ്വം പ്രസിഡൻ്റുമായിരുന്നു എൻ. വാസു. എസ്പി ശശിധരൻ കഴിഞ്ഞദവസം വാസുവിൻ്റെ മൊഴി എടുത്തുവെന്നാണ് വിവരം. 2019ൽ സ്വർണപ്പാളികൾ ചെമ്പുപാളികളാണെന്ന് പറഞ്ഞ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസറുടെ ശുപാർശയിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതടക്കമുള്ള ചോദ്യങ്ങളാണ് എസ്ഐടി ചോദിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്തു വിടുന്നതിൽ ദേവസ്വം ബോർഡ് എന്ത് തീരുമാനം എടുത്ത് എന്നതടക്കമുള്ള കാര്യങ്ങൾ ചോദിച്ചുവെന്നും വിവരമുണ്ട്.

അതേസമയം, കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചെമ്പുപാളികൾ കൊടുത്തുവിടണമെന്ന് ദേവസ്വം ബോർഡിന് ശുപാർശ ചെയ്തത് സുധീഷ് കുമാർ ആയിരുന്നു. പാളികൾ കൊടുത്തു വിടുമ്പോൾ തയ്യാറാക്കിയ മഹസറിലും അന്വേഷണ സംഘം ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. സുധീഷ് കുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരമൊരുക്കി കൊടുത്തുവെന്ന് റിമാൻഡ് റിപ്പോർട്ടിലും പറയുന്നുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് 1999ലെ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മഹസർ അന്വേഷണസംഘം കണ്ടെത്തിയത്. പാളികൾ കൊടുത്തു വിടുമ്പോൾ തയ്യാറാക്കിയ മഹസറിൽ ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT