Source: News Malayalam 24x7
KERALA

ശബരിമല സ്വര്‍ണക്കൊള്ള: പാളികളുടെ കാലപ്പഴക്കത്തില്‍ വ്യക്തത തേടാന്‍ എസ്‌ഐടി; വിഎസ്എസ്‌സിയുമായി വീണ്ടും ചര്‍ച്ച നടത്തും

പോറ്റി തിരിച്ചെത്തിച്ച പാളികൾ ഒറിജിനലാണോ എന്നതിൽ വ്യക്തതയില്ല

Author : ലിൻ്റു ഗീത

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സുപ്രധാന ചോദ്യങ്ങളിൽ വ്യക്ത വരുത്താൻ എസ്ഐടി. പോറ്റി തിരിച്ചെത്തിച്ച പാളികൾ ഒറിജിനലാണോ എന്നതിൽ വ്യക്തതയില്ല. കൃത്യമായ കാലപ്പഴക്കം ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ ഇല്ല. പാളികളുടെ ശാസ്ത്രീയ ഘടനയിൽ വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തൽ. വീണ്ടും പരിശോധന ആവശ്യപ്പെടാനാണ് എസ്ഐടിയുടെ ആലോചന. ഇതിൽ വിഎസ്എസ്‌സിയുമായി വീണ്ടും ചർച്ച നടത്തും. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് സംഘത്തിൻ്റെ തീരുമാനം. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ദ്വാരപാലക ശിൽപ്പങ്ങൾ അടക്കമുള്ള സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലവും എസ്ഐടി റിപ്പോർട്ടിനൊപ്പം ഹാജരാക്കും. സ്വർണപ്പാളികളിൽ നിന്ന് കൂടുതൽ സ്വർണം നഷ്ടമായി എന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹന കൈമാറ്റത്തിൽ അജയ് തറയിൽ അടക്കമുള്ളവർക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിർദേശം ഉണ്ടായേക്കും. 2012ലെ ബോർഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ്ഐടി കണ്ടെത്തൽ.

അതേസമയം, അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ല എന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. വാജി വാഹനം തൊണ്ടി മുതലായി കോടതിയിൽ സമർപ്പിച്ചത് എസ്ഐടിക്ക് കുരുക്കായിരിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കട്ടിള പാളി കേസിൽ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞെന്ന് കാട്ടി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യപേക്ഷയും വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

SCROLL FOR NEXT