കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.ജി. ഹരീന്ദ്രനാഥ്. കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. പൊതു സമൂഹത്തിനാണ് നീതി നിഷേധിക്കപ്പെട്ടത്. പൂർണ വിശ്വാസത്തോടെയാണ് കേസ് ഏറ്റെടുക്കുന്നതെന്നും ബി.ജി. ഹരീന്ദ്രനാഥ് ന്യൂസ് മലയാളത്തോട് പറഞ്ഞു. അതിജീവിതയെ അവിശ്വസിച്ചിരിക്കുകയാണ് കോടതി. ജനങ്ങൾക്ക് വേണ്ടിയാണ് നീതിയുള്ളത്. അതിജീവിതയ്ക്ക് നീതി ലഭിക്കണം. സ്ത്രീകൾക്കെതിരായ കുറ്റ കൃത്യം കൂടി വരുന്ന സാഹചര്യത്തിൽ ഈ കേസിലെ വിധി ഒരു മാർഗരേഖയാവണമെന്നും ബി.ജി. ഹരീന്ദ്രനാഥ് പറഞ്ഞു.
അതേസമയം, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ സർക്കാരിന് നന്ദി അറിയിക്കുന്നു എന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിത പറഞ്ഞു. മുൻ നിയമ സെക്രട്ടറിയായ അഡ്വക്കേറ്റ് ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ അത് നടത്തി തന്നു. പിന്തുണ നൽകിയ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും നന്ദിയറിയിക്കുന്നതായും സിസ്റ്റർ റാണിറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിൽ അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കിയത്.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് സങ്കടം ഉണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം അതിജീവിത തുറന്ന് പറഞ്ഞിരുന്നു. ഇതിനായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉത്തരവ് നൽകിയത്. ശ്വസിക്കാനുള്ള വായു ഒഴികെ മറ്റെല്ലാം നിഷേധിക്കപ്പെട്ടുവെന്നായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തൽ.
2022 ജനുവരിയിൽ കോട്ടയം സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി തന്നെ തളർത്തിയെന്നും എന്നാൽ നീതിക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അതിജീവിത ദി ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോടതി ബിഷപ്പിനെ വിട്ടയച്ചെങ്കിലും, പിന്നീട് വത്തിക്കാൻ അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ടത് തൻ്റെ പോരാട്ടത്തിൻ്റെ ഭാഗികമായ വിജയമാണെന്നും അവർ പറഞ്ഞു.