

കോട്ടയം: അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ ഉത്തരവിറക്കിയ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദിയറിയിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിത. ഇന്ന് രാവിലെ ഒൻപത് മണിക്ക് കുറവിലങ്ങാട് കോൺവെൻ്റിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അവർ.
മുൻ നിയമ സെക്രട്ടറിയായ അഡ്വക്കേറ്റ് ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ അത് നടത്തി തന്നു. പിന്തുണ നൽകിയ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും നന്ദിയറിയിക്കുന്നതായും സിസ്റ്റർ റാണിറ്റ് പറഞ്ഞു.
പിന്തുണയറിയിച്ച് തനിക്ക് വേണ്ടി പൊതുസമൂഹത്തിൽ ഒപ്പുശേഖരണം നടത്തുന്നവർക്കും അതിജീവിത നന്ദിയറിയിച്ചു. കേസിൽ അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടനെ പുറത്തിറങ്ങും. മുൻ നിയമ സെക്രട്ടറിയാണ് അഡ്വക്കേറ്റ് ബി.ജി. ഹരീന്ദ്രനാഥ്.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് സങ്കടം ഉണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം അതിജീവിത തുറന്ന് പറഞ്ഞിരുന്നു. ഇതിനായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉത്തരവ് നൽകിയത്. ശ്വസിക്കാനുള്ള വായു ഒഴികെ മറ്റെല്ലാം നിഷേധിക്കപ്പെട്ടുവെന്നായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തൽ.
2022 ജനുവരിയിൽ കോട്ടയം സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി തന്നെ തളർത്തിയെന്നും എന്നാൽ നീതിക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അതിജീവിത ദി ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോടതി ബിഷപ്പിനെ വിട്ടയച്ചെങ്കിലും, പിന്നീട് വത്തിക്കാൻ അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ടത് തൻ്റെ പോരാട്ടത്തിൻ്റെ ഭാഗികമായ വിജയമായി അവർ കാണുന്നുണ്ട്.
കൈകാലുകൾ ബന്ധിച്ച നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തിയെന്നും അതിജീവിത തുറന്ന് പറഞ്ഞിരുന്നു. ക്രൂരതകൾ വെളിപ്പെടുത്തിയതിൻ്റെ പേരിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു. പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം വരെ തനിക്കെതിരെ നടത്തി. പൊതുമധ്യത്തിൽ മുഖം മറയ്ക്കാതെ വരാൻ ധൈര്യം പകർന്നത് മുഖ്യമന്ത്രിയുടെ ചടങ്ങിൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി പങ്കെടുത്തതോടെ ആണെന്നും അതിജീവിത പറഞ്ഞിരുന്നു.