AI Generated Image (Gemini)  NEWS MALAYALAM 24x7
KERALA

വരുന്നു, നവരാത്രി കാലത്ത് കേരളത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍

ട്രെയിനുകളുടെ സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പും നല്‍കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനും റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സ്പെഷല്‍ ട്രെയിനുകളുടെ സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പും നല്‍കും.

തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിലെ സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍, പാലക്കാട് ഡിവിഷനിലെ അസിസ്റ്റന്റ് ഓപ്പറേറ്റിംഗ് മാനേജര്‍, കെ റെയില്‍ എം.ഡി, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.വേളാങ്കണ്ണി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് എറണാകുളത്തുനിന്ന് പത്തും തിരുവനന്തപുരത്തു നിന്ന് നാലും സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും റെയില്‍വേ അറിയിച്ചു.

ആലപ്പുഴ-കായംകുളം റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്തു. ഈ റൂട്ടിലെ സിംഗിള്‍ ലൈനില്‍ ഓഗ്മെന്റേഷന്‍ നടത്തിയിട്ടുണ്ടെന്നും, ഡബിള്‍ ലൈന്‍ വരുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം- മംഗലാപുരം റൂട്ടില്‍ കാലവര്‍ഷത്തില്‍ മരം വീണും മണ്ണിടിഞ്ഞും ഉണ്ടാകുന്ന ഗതാഗത തടസ്സം നേരിടാന്‍ മുന്നൊരുക്കം നടത്തും. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ് എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ എറണാകുളം-കൊല്ലം മെമു പുനരാരംഭിക്കണമെന്നും നിലവിലെ ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ അനുവദിക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

വര്‍ക്കല കാപ്പിലില്‍ റെയില്‍വേ ലൈന്‍ വളരെ ഉയരത്തിലായതിനാല്‍ അത് മുറിച്ചുകടക്കുക ദുഷ്‌കരമാണ്. ഇവിടെ റെയില്‍വേ അണ്ടര്‍ പാസ്സേജ് നിര്‍മ്മാണത്തിന് പൊതുമാരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ ധാരണയായി.

കുറുപ്പന്തറ ആദര്‍ശ് റെയില്‍വേ സ്റ്റഷേനില്‍ പ്ലാറ്റ്ഫോമില്‍ ലൂപ്പിങ്ങിന്റെ പ്രശ്നം കൊണ്ടാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് കുറവെന്ന വിഷയം റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനിച്ചു.

SCROLL FOR NEXT