KERALA

FIRST ON NEWS MALAYALAM | സംസ്ഥാന സ്കൂൾ കായികമേള നടത്തിപ്പിൽ ഉത്തരവാദിത്തമില്ലെന്ന കായികമന്ത്രിയുടെ വാദം തെറ്റ്

മേളയുടെ നടത്തിപ്പിൽ കായിക വകുപ്പിന് സുപ്രധാന പങ്കുണ്ടെന്നും കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് മേളയ്ക്കായി കോടികൾ മാറ്റിവയ്ക്കുന്നതെന്നും സംബന്ധിച്ച രേഖകളാണ് പുറത്തുവന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പിൽ കായിക വകുപ്പിന് ഉത്തരവാദിത്തമില്ലെന്ന കായികമന്ത്രി ഒ.ജെ. ജനീഷിൻ്റെ വാദം തെറ്റ്. സ്കൂൾ കായികമേളയുടെ മുഖ്യ സംഘാടകർ വിദ്യാഭ്യാസ വകുപ്പ് തന്നെയാണെന്ന് തെളിയിക്കുന്ന രേഖകൾ ന്യൂസ് മലയാളം പുറത്തുവിടുകയാണ്. മേളയുടെ നടത്തിപ്പിൽ കായിക വകുപ്പിന് സുപ്രധാന പങ്കുണ്ടെന്നും കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് മേളയ്ക്കായി കോടികൾ മാറ്റിവയ്ക്കുന്നതെന്നും സംബന്ധിച്ച രേഖകളാണ് പുറത്തുവന്നത്.

2026-27 വാർഷിക പദ്ധതിയിൽ 12 കോടി രൂപ സ്കൂൾ കായികമേള ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കായിക വകുപ്പ് മാറ്റിവച്ചിരുന്നു. സ്കൂൾ കായികമേളയ്ക്ക് കായികവകുപ്പിന്റെ സ്റ്റേഡിയങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. മത്സരങ്ങൾക്ക് ആവശ്യമായ മാറ്റുകൾ, ഹർഡിൽസ്, ഫോട്ടോ ഫിനിഷ് ഉപകരണങ്ങൾ ഉൾപ്പെടെ കായിക വകുപ്പ് നൽകുന്നുണ്ടെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. സ്പോർട്സ് കൗൺസിലിന് കീഴിലെ അംഗീകൃത സംഘടനകൾ സ്കൂൾ കായികമേളയ്ക്ക് സാങ്കേതിക സഹായവും നൽകുന്നുണ്ട്.

കഴിഞ്ഞ ദിവസം അപകടം നടന്ന തൃശൂരിലെ മത്സര വേദിയായ അക്വാറ്റിക് കോംപ്ലക്സും സ്പോർട്സ് കൗൺസിലിന് കീഴിലുള്ളതാണ്. ഗതാഗതം, ആഭ്യന്തരം, ആരോഗ്യം, വൈദ്യുതി ഉൾപ്പെടെ വിവിധ വകുപ്പുകളും മേളയുടെ സംഘാടനത്തിൽ പങ്കാളികളാണ്. 26,000 കുട്ടികൾ പങ്കെടുക്കുന്ന കായികമേളയുടെ വീഴ്ചകളിൽ നിന്ന് കായിക വകുപ്പിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ഇതോടെ വ്യക്തമാകുകയാണ്.

SCROLL FOR NEXT