KERALA

ഡോ. സി എൻ വിജയകുമാരി പ്രതി; കേരള സർവകലാശാലയിലെ ജാതി അധിക്ഷേപത്തിൽ കേസ്

പട്ടികജാതി- പട്ടികവർഗ അതിക്രമം തടയാൽ നിയമപ്രകാരമാണ് കേസ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ പൊലീസ് കേസെടുത്തു. സംസ്കൃത വിഭാഗം ഡീൻ ഡോ. സി എൻ വിജയകുമാരിയെ പ്രതി ചേർത്താണ് കേസെടുത്തത്. പട്ടികജാതി- പട്ടികവർഗ അതിക്രമം തടയാൽ നിയമപ്രകാരമാണ് കേസ്. ഗവേഷക വിദ്യാർഥിയായ വിപിൻ വിജയന്റെ പരാതിയിലാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്.

തീസിസ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് വകുപ്പ് മേധാവിയായ സി.എൻ. വിജയകുമാരിയിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടതായി കാണിച്ച് വിപിൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്കൃതം എന്ന് പറഞ്ഞ് വിജയകുമാരി അധിക്ഷേപിച്ചതായാണ് വിപിൻ്റെ പരാതിയിൽ പറയുന്നത്.

എംഫില്ലിൽ വിപിൻ്റെ ഗൈഡായിരുന്ന വിജയകുമാരി പിന്നീട് വിപിന് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് കൈമാറിയതായും നിനക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മറ്റു പല കുട്ടികൾക്കും ഇവരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുള്ളതായും എന്നാൽ പലരും പഠനം പൂർത്തിയാക്കുവാനായി കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും വിപിൻ വെളിപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT