ക്ഷണിക്കാത്ത പരിപാടിയിൽ മുഖ്യാതിഥിയായി പോസ്റ്റർ ഇറക്കിയതിനെതിരെ സിനിമാതാരങ്ങളായ ശ്രീകുമാറും ഭാര്യ സ്നേഹയും. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. കൊരട്ടി കോനൂർ പൗരാവലിയാണ് 28ന് നടക്കുന്ന പരിപാടിയിൽ താരങ്ങളെ ക്ഷണിക്കാതെ, മുഖ്യാതിഥിയെന്ന് കാണിച്ച് പോസ്റ്റർ ഇറക്കിയത്.
ഈ പരിപാടി തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് സ്നേഹ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. സാധാരണ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ തന്നെയൊ ശ്രീകുമാറിനെയോ വിളിച്ച് അറിയിക്കാറാണ് പതിവ്. എന്നാൽ, ഈ പരിപാടിക്കായി തങ്ങളെ ബന്ധപ്പെട്ടിട്ടില്ല, അങ്ങനെയൊരു പരിപാടി ഏറ്റിട്ടില്ല. പരിപാടിയുടെ നോട്ടീസിൽ മറ്റൊരു അതിഥിയായ രാജേഷ് ശർമ്മയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹവും ഇത്തരത്തിലൊരു പരിപാടിയെ കുറിച്ച് അറിയുകയോ ഏൽക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞുവെന്നും സ്നേഹ വീഡിയോയിൽ പറയുന്നു.
ഈ വീഡിയോ മുഴുവനും ദയവായി കാണുക. ഈ പരിപാടി ഞങ്ങൾ അറിഞ്ഞിട്ടില്ല, ആരും ഈ പരിപാടിയുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുമില്ല എന്ന അടിക്കുറിപ്പോടെയാണ് സ്നേഹ വീഡിയോ പങ്കുവെച്ചത്. "എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഫോട്ടോ ഉൾപ്പെടുത്തി അനുവാദമില്ലാതെ സംഘാടകർ ഇത്തരത്തിൽ പോസ്റ്റർ പങ്കുവെച്ചത്? ഞങ്ങളോടും ഞങ്ങളെ പ്രതീക്ഷിച്ച് എത്തുന്ന പ്രേക്ഷകരോടും ചെയ്യുന്ന ചതിയാണിത്," സ്നേഹ പറയുന്നു.