'ഈ ചെറിയ ബജറ്റില്‍ എങ്ങനെയാണ് മലയാളത്തില്‍ ഇത്ര വലിയ സിനിമകള്‍ ഉണ്ടാകുന്നത്'; വീണ്ടും ചര്‍ച്ചയായി കരണ്‍ ജോഹറിന്റെ വാക്കുകള്‍

കിങ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് 'ലോക'യുടെയും ബജറ്റെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്
കരൺ ജോഹർ
കരൺ ജോഹർ NEWS MALAYALAM 24x7
Published on

മലയാള സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമായി മാറുകയാണ്. കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള മികച്ച സിനിമാറ്റിക് എക്‌സ്പീരിയിന്‍സ് നല്‍കുന്ന സിനിമകള്‍ ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ നിന്നുണ്ടാകുന്നുണ്ടോ? ഏറ്റവും ഒടുവില്‍ ലോകയുടെ റിലീസോടെ ഈ ചര്‍ച്ച സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു. എമ്പുരാന് ശേഷം അതിവേഗം 200 കോടി നേടുന്ന ചിത്രം കൂടിയാണ് ലോക. തുടരും, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളാണ് 200 കോടി ക്ലബ്ബില്‍ ഇടംനേടിയ മറ്റ് ചിത്രങ്ങള്‍.

കരൺ ജോഹർ
200 കോടി ക്ലബ്ബിലിടം നേടുന്ന നാലാമത്തെ മലയാള ചിത്രമായി മാറി ‘ലോക’

ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ മികച്ച സിനിമകള്‍ നിര്‍മിക്കാന്‍ കഴിയുന്നുവെന്നതാണ് മലയാള സിനിമയുടെ പ്രത്യേകത. കിങ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് 'ലോക'യുടെയും ബജറ്റെന്നാണ് നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. 50 കോടി രൂപയാണ് കിങ് ഓഫ് കൊത്തയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ 50 കോടിയില്‍ നിര്‍മിച്ച ലോകയാണ് 200 കോടി നേടി ഇപ്പോഴും മുന്നേറ്റം തുടരുന്നത്.

ഇതോടെയാണ് മലയാള സിനിമയെ കുറിച്ച് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളെ പ്രശംസിച്ചു കൊണ്ടായിരുന്നു കരണ്‍ ജോഹറിന്റെ പരാമര്‍ശം. ഈ സമയത്ത് തുടരും, ലോക സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല.

കരൺ ജോഹർ
"ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആയതില്‍ അഭിമാനം"; ലോകയുടെ വിജയത്തില്‍ കല്യാണി പ്രിയദര്‍ശന്‍

ഈ സിനിമകളുടെ ബജറ്റ് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇത്രയും കുറഞ്ഞ ബജറ്റില്‍ ബോളിവുഡില്‍ ഒരു സിനിമയെടുക്കുന്നത് അസാധ്യമാണെന്നുമായിരുന്നു കരണ്‍ ജോഹര്‍ പറഞ്ഞത്. 'ദി സ്ട്രീമിങ് ഷോ' പോഡ്കാസ്റ്റിലായിരുന്നു ബോളിവുഡിലെ ബിഗ് ബജറ്റ് സംവിധായകന്റെ വാക്കുകള്‍.

കരൺ ജോഹർ
'ലോക'യുടെ രണ്ടാം ഭാഗം കൂടുതൽ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്: ദുൽഖർ സൽമാൻ

ബോളിവുഡില്‍ താരങ്ങളുടെ മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ടെക്‌നീഷ്യന്മാരുടെ പ്രതിഫലവും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് പോലെയോ ആവേശം പോലെയോ ഒരു സിനിമ അത്രയും കുറഞ്ഞ ബജറ്റില്‍ ബോളിവുഡില്‍ ചെയ്യാന്‍ കഴിയില്ലെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.

ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ക്ലൈമാക്‌സ് കണ്ട് തനിക്ക് ശ്വാസംമുട്ടി. അത്രയും ഗംഭീരമായിട്ടാണ് അത് ചിത്രീകരിച്ചത്. ഈ സിനിമകളുടെ ബജറ്റാണ് തന്നെ അത്ഭുതപ്പെടുത്തിയത്. ബോളിവുഡിലെ പ്രതിഫലം തന്നെ വളരെ കൂടുതലാണ്. അത് മാറ്റാന്‍ കഴിയില്ല. അത്ര ചെറിയ ബജറ്റില്‍ എങ്ങനെ സിനിമയെടുക്കുമെന്ന് തനിക്ക് അറിയില്ല.- അദ്ദേഹം പറഞ്ഞു.

ബോളിവുഡിലും കോളിവുഡിലും തെലുങ്കിലുമെല്ലാം പ്രധാന നടന്റെ പ്രതിഫലം തന്നെ നൂറ് കോടിയോളം വരും. ബജറ്റല്ല, കലാമൂല്യമാണ് സിനിമയുടെ കാതല്‍ എന്നാണ് മലയാളം സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കുന്ന പാഠം എന്നാണ് സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റുകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com