ശ്രീനാദേവി കുഞ്ഞമ്മ Source: FB
KERALA

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചു

പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യഹർജി നൽകിയത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ അറസ്റ്റ് ഒഴിവാക്കാൻ നീക്കം ആരംഭിച്ച് പ്രതികൾ. പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനും അടക്കം മുൻകൂർ ജാമ്യ അപേക്ഷ നൽകി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. പൊലീസ് റിപ്പോർട്ട് കോടതിയിൽ ലഭിച്ചശേഷം മാത്രം മുൻകൂർ ജാമ്യഅപേക്ഷ കോടതി പരിഗണിക്കും. ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യ അപേക്ഷ അടുത്ത ആഴ്ച മാത്രമേ പരിഗണിക്കൂ എന്ന് സൂചന. അതേസമയം, ശ്രീനദേവി കുഞ്ഞമ്മയെ തനിക്ക് അറിയില്ലെന്നും കണ്ടിട്ടില്ലെന്നും കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു.

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോഴാണ് അടൂർ പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ ഉണ്ടായത്. അന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. കണ്ടാൽ അറിയാവുന്നവർ എന്ന് മാത്രമായിരുന്നു എഫ്ഐആര്‍. സിപിഐഎം ഇടപ്പെട്ട് വിവരാവകാശം വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വിവാദമായത്.

പൊലീസ് സ്റ്റേഷനിൽ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. സ്റ്റേഷന് അകത്തോ പുറത്തോ അക്രമം നടന്നിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ചുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. സ്റ്റേഷനിൽ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്ത് നിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ​ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. ശ്രീനാദേവി കുഞ്ഞമ്മയ്ക്കും ഫെനി നൈനാനും പുറമേ നെസ്മൽ, അബിൻ ശിവദാസ് തുടങ്ങിയവരും കേസിലെ പ്രതികളാണ്. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റിന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു.

SCROLL FOR NEXT