ഇലക്ഷൻ കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്നായിരുന്നു വി.എസ്. സുനിൽകുമാറിൻ്റെ ആരോപണം Source: Facebook
KERALA

"അപാകതയുണ്ടെന്ന് അന്ന് ആരും പറഞ്ഞില്ല"; തൃശൂരിലെ വോട്ട് കൊള്ള ആരോപണം തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള യോഗത്തിലും പരാതികൾ ഉയർന്നിരുന്നില്ലെന്ന് കമ്മീഷൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ലോക്സഭാ മണ്ഡലത്തിലെ 'വോട്ട് മോഷണ' ആരോപണം തളളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള യോഗത്തിലും പരാതികൾ ഉയർന്നിരുന്നില്ലെന്ന് കമ്മീഷൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആക്ഷേപമുണ്ടായിരുന്നെങ്കിൽ ഹൈക്കോടതിയിൽ ഹർജി നൽകേണ്ടിയിരുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി.

വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നെന്നും പട്ടിക സംബന്ധിച്ച് വിശദാംശങ്ങൾ കൈമാറിയിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. വോട്ടർ പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിലൊന്നും പരാതികൾ ഉയർന്നുവന്നിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള യോഗത്തിലും ആരും അപാകത ചൂണ്ടിക്കാണിച്ചില്ല. ആക്ഷേപമുണ്ടായിരുന്നെങ്കിൽ ഹൈക്കോടതിയിൽ ഹർജി നൽകേണ്ടിയിരുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ വെളിപ്പെടുത്തലോടെയാണ് തൃശൂരിലെ ലോക്സഭ വോട്ടർ പട്ടിക വീണ്ടും ചർച്ചയായത്. അയൽ ജില്ലകളിലടക്കമുള്ള ബിജെപി പ്രവർത്തകരുടെ വോട്ട് ആസൂത്രിതമായി തൃശൂർ മണ്ഡലത്തിലേക്ക് മാറ്റി എന്ന ആരോപണം വീണ്ടും ഉയർന്നു. ഇലക്ഷൻ കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവും എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വി.എസ്. സുനിൽകുമാർ ഉയർത്തിയിരുന്നു. എന്നാൽ സുനിൽ കുമാറിൻ്റെ ആരോപണങ്ങൾ പാടെ തള്ളുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തൃശൂർ ലോക്സഭ മണ്ഡലത്തിലെ പൂങ്കുന്നത്ത് ചേർത്ത ചില വോട്ടുകൾ സംശയകരമാണെന്ന് സിപിഐഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറും പറഞ്ഞു. സ്ഥിരതാമസം ഇല്ലാത്തിടത്തേക്ക്, കൂട്ടമായി വോട്ട് ചേർക്കുന്നത് തടയണമെന്നും അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു. തൃശൂർ ശോഭാ സിറ്റിയിലെയും പൂങ്കുന്നത്തെയും ഫ്ലാറ്റുകളിൽ ചില വോട്ടർമാരെ ചേർത്തതിൽ പരാതിയുണ്ടെന്നും കൃത്യമായ തെളിവുകളോടെ വിവരങ്ങൾ പുറത്തുവിടുമെന്നും ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അറിയിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT